Site iconSite icon Janayugom Online

ഇടപ്പള്ളിയില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവം: കൈനോട്ടക്കാരന്‍ പൊലീസ് പിടിയില്‍

കൊച്ചി ഇടപ്പള്ളിയില്‍ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ തൊടുപുഴയില്‍ നിന്നും ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. കുട്ടി തന്റെ കൂടെയുണ്ടെന്ന് കൈനോട്ടക്കാരനായ ശശികുമാര്‍ അറിയിച്ചതിനെത്തുടര്‍ന്നാമ് രക്ഷിതാക്കളും പൊലീസും സ്ഥലത്തെത്തുന്നത്.തലേദിവസം മുതല്‍ കുട്ടി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. കുട്ടിയെ ഇയാള്‍ ദേഹോപദ്രവം നടത്തിയതായും സൂചനയുണ്ട്.

ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും .ചൊവ്വാഴ്ച രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷക്ക് പോയതാണ് എറണാകുളം കൊച്ചുകടവന്ത്ര സ്വദേശിയായ പതിമൂന്നുകാരൻ. പരീക്ഷ നേരത്തെ എഴുതി തീർത്ത കുട്ടി ഒൻപതരയോടെ സ്കൂളിൽ നിന്ന് പോന്നതായി അധ്യാപകർ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും കുട്ടി വീട്ടിലെത്താതായതോടെയാണ് രക്ഷിതാക്കൾ സ്കൂളുമായി ബന്ധപ്പെടുന്നത്. തുടർന്നാണ് സ്റ്റേഷനിൽ പരാതി നൽകുന്നത്.

സ്‌കൂളില്‍ നിന്ന് കുട്ടി പുറത്ത് ഇറങ്ങുന്നതും ഇടപ്പള്ളി ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഇന്നലെ തന്നെ കുട്ടി തൊടുപുഴയിലേക്കുള്ള ബസ് കയറിയതായി വിവരം ലഭിച്ചിരുന്നു. അതിനെത്തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

Exit mobile version