Site iconSite icon Janayugom Online

ക്രൂര ബലാത്സംഗവും സാമ്പത്തിക ചൂഷണവും; രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിൽ

പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പുതിയ പരാതിയെത്തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ പാലക്കാട് നഗരത്തിലെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലവിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തിയുള്ള ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ പുതിയ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. വില കൂടിയ സാധനങ്ങൾ ഇയാൾക്ക് വാങ്ങി നൽകിയതായും, പാലക്കാട് ഫ്ലാറ്റ് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക ചൂഷണം നടത്തിയതായും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. 

വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്ന സമയത്ത് സോഷ്യൽ മീഡിയയിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. പിന്നീട് പ്രണയം നടിച്ച് ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും അതിനുശേഷം ബ്ലാക്ക് മെയിലിംഗിലൂടെ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പീഡനത്തെത്തുടർന്നുണ്ടായ ഗർഭം നിർബന്ധിതമായി അലസിപ്പിച്ചു. ആദ്യ കേസിലേതിന് സമാനമായ രീതിയിൽ ഈ കേസിലും കുട്ടിവേണമെന്ന് രാഹുൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവതിയുടെ കൈയിൽ നിന്നും പണം, ആഡംബര വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ കൈക്കലാക്കി സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു. പരാതി നൽകിയാൽ സഹോദരിയുടെ വിവാഹം മുടക്കുമെന്നും പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. ജി പൂങ്കുഴലി ഐപിഎസിന്റെ നിർദ്ദേശപ്രകാരം അതീവ രഹസ്യമായാണ് പോലീസ് ഈ നീക്കം നടത്തിയത്. അഞ്ച് ദിവസം മുൻപ് ലഭിച്ച പരാതിയിൽ ഭ്രൂണത്തിന്റെ സാമ്പിൾ അടക്കമുള്ള നിർണ്ണായക മെഡിക്കൽ തെളിവുകൾ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. 

Exit mobile version