പൊന്നോമന പുത്രനെ അവസാനമായി ഒന്ന് കാണുവാനും അന്ത്യചുംബനം നൽകുവാനും അമ്മ ഇന്നെത്തും. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാരം ഇന്ന് നടക്കാനിരിക്കെ സങ്കട കടലായി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിക്കും.
12 മണിവരെ സ്കൂളിൽ പൊതുദർശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. തുർക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.

