Site iconSite icon Janayugom Online

ബഹുരാഷ്ട്ര കുത്തകകൾ തൊഴിലാളികളെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു: പാംബിസ് കൈറിറ്റ്സിസ്

AITUCAITUC

ഭൂമിയിലെ മുഴുവൻ സാമ്പത്തിക വിഭവങ്ങളും കയ്യടക്കാനും കൊള്ളയടിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ശക്തിപ്രാപിച്ചു വരികയാണെന്ന് സാര്‍വദേശീയ തൊഴിലാളി ഫെഡറേഷന്‍ (ഡബ്ല്യുഎഫ് ടിയു) ജനറൽ സെക്രട്ടറി പാംബിസ് കൈറിറ്റ്സിസ്. മുതലാളിത്തം മുഴുവൻ ജനാധിപത്യ അവകാശങ്ങളെയും തൊഴിലാളി സംഘടനകളുടെ അവകാശങ്ങളെയും ഇല്ലാതാക്കുകയും സാമൂഹിക അസമത്വം വർധിപ്പിക്കുകയും ചെയ്യുകയാണ്. എഐടിയുസി ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പാംബീസ് പറഞ്ഞു. 

യുഎസും നാറ്റോയും യൂറോപ്യൻ യൂണിയനും വികസനത്തിന്റെ പേരിൽ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുന്നു. പാകിസ്ഥാനിലും സിറിയയിലും ഇറാനിലും അഫ്ഗാനിലും മറ്റനവധി സ്ഥലങ്ങളിലും സെെന്യത്തെ ഉപയോഗിച്ചും രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടും സാമ്രാജ്യത്വ സ്വഭാവം കാണിക്കുകയാണ് അവർ. റഷ്യ ഉക്രെയ്ൻ സെെനിക നടപടി തൊഴിലാളി വർഗത്തിന്റെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചപ്പോൾ, മറുവശത്ത് ബഹുരാഷ്ട്രകുത്തകൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്ത് ലാഭം കൊയ്യാനുള്ള അവസരം മുതലാളിത്തം അനുവദിച്ച് നൽകുകയായിരുന്നു. ആഗോള തൊഴിലാളി സംഘടന ലോക സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും അണുവായുധങ്ങളുടെ ഉപയോഗത്തിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു.
1945 മുതൽ ആഗോള തൊഴിലാളി സംഘടന ലോകത്തെമ്പാടുമുള്ള തൊഴിലാളി സംഘടനകളെ യോജിപ്പിച്ചു പ്രവർത്തിപ്പിക്കുന്നതിൽ നിർണായകവും വിപ്ലവകരവുമായൊരു മുന്നേറ്റം തന്നെ നടത്തി. നവ മുതലാളിത്തത്തിന്റെ കാലത്ത് ലോകത്തെമ്പാടുമുള്ള തൊഴിലാളിവർഗം ആത്മാഭിമാനം വീണ്ടെടുക്കാനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും കൂടുതൽ യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. ആഗോള തൊഴിലാളി സംഘടന ഇത്തരം ശ്രമങ്ങൾക്ക് മുൻ നിരയിൽ തന്നെയുണ്ട്. ഇത്തരത്തിലുള്ള പോരാട്ടവുമായി മുന്നോട്ട് പോകുന്നതിനിടെ പല തൊഴിലാളി സഖാക്കളെയും നമുക്ക് നഷ്ടപ്പെട്ടു. ലോക തൊഴിലാളി സംഘടന തൊഴിലാളി മുന്നേറ്റങ്ങൾക്ക് നേതൃത്വം വഹിച്ച നിരവധി ഇന്ത്യൻ നേതാക്കളെ ഈ അവസരത്തിൽ സ്മരിക്കുന്നു. എസ് എ ഡാങ്കെയും കെ എൽ മഹേന്ദ്രയും ശുഭ്മാൻ സെന്നും ഇന്ദ്രജിത് ഗുപ്തയും ഗുരുദാസ് ദാസ് ഗുപ്തയും ഓർമ്മയിൽ വരുന്ന പേരുകളാണ്. 

ഇന്ത്യൻ ഭരണകൂടം നടത്തുന്ന തൊഴിലാളി വിരുദ്ധ നയസമീപനങ്ങൾ ഗൗരവത്തോടെയാണ് ലോക തൊഴിലാളി സംഘടന വീക്ഷിക്കുന്നത്. രാജ്യത്തെ തൊഴിലാളി വിരുദ്ധ രാഷ്ട്രീയ നേതൃത്വത്തിനെതിരെയും അവർ നടത്തുന്ന വിവേചനങ്ങൾക്കെതിരെയും ഇന്ത്യയിലെ തൊഴിലാളി വർഗം തുടരുന്ന പോരാട്ടങ്ങൾക്ക് ആഗോള തൊഴിലാളി സംഘടനയുടെ മുഴുവൻ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ തൊഴിലാളി വിഭാഗത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാനും അവരുടെ പ്രതീക്ഷക്കൊത്ത് ഉയരുന്ന നയങ്ങൾ രൂപീകരിക്കാനും എഐടിയുസി ദേശീയ സമ്മേളനത്തിനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
ഡബ്ല്യുഎഫ് ടിയുവിന്റെ ഉപഹാരം എഐടിയുസി ദേശീയ പ്രസിഡന്റ് രമേന്ദ്ര കുമാറും ജനറൽ സെക്രട്ടറി അമർജീത് കൗറും പാംബീസ് കൈറിറ്റ്സിസിൽ നിന്ന് ഏറ്റുവാങ്ങി. 

ദേശീയ സമ്മേളനത്തിൽ 1498 പ്രതിനിധികൾ 

സമരച്ചൂളയിൽ പൊരുതിക്കയറിയ അനുഭവ സമ്പത്തുമായി എ ഐ ടി യു സി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നത് 1498 പ്രതിനിധികൾ. മുന്‍പ് നിശ്ചയിച്ച സമ്മേളനത്തിൽ കോവിഡ് മഹാമാരിയെ തുടർന്നാണ് പ്രതിനിധികളുടെ എണ്ണം പകുതിയായി കുറച്ചത്. 28 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഏറ്റവും കൂടുതൽ പ്രതിനിധികൾ പങ്കെടുക്കുന്നത് കേരളത്തിൽ നിന്നാണ് .200 പേര്‍. തെലുങ്കാനയിൽ നിന്ന് 135 പേരും തമിഴ് നാട്ടിൽ നിന്ന് 106 പേരും ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലും നിന്ന് 103 പേർ വീതവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് പറയാനുള്ളത് എ ഐ ടി യു സി യുടെ വളർച്ചയുടെ കഥ. ഒട്ടേറെ ജനകീയ പോരാട്ടങ്ങളിലൂടെ ജീവൻ നഷ്ടപ്പെട്ടതും പരിക്ക് പറ്റിയതുമടക്കം ത്യാഗങ്ങളുടെ കഥയാണ് ആലപ്പുഴയിൽ എത്തിയ പ്രതിനിധികൾക്ക് പറയാനുള്ളത്.

സമ്മേളനം നിയന്ത്രിക്കുന്ന കമ്മിറ്റികള്‍

പ്രസിഡന്റ് രമേന്ദ്രകുമാർ, വർക്കിങ് പ്രസിഡന്റ് എച്ച് മഹാദേവൻ, വൈസ് പ്രസിഡന്റുമാരായ കാനം രാജേന്ദ്രൻ, എം എൽ യാദവ്, കെ സുബ്ബരായൻ, ഡി ആദിനാരായൺ, മുനിം മൊഹന്ത, ബാന്ത് സിങ് ബ്രാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
ജനറൽ സെക്രട്ടറി അമർജീത് കൗർ, സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡെ, വിദ്വാ സാഗർ ഗിരി, വഹീദാ നിസാം, സുകുമാർ ഡാംലെ, ബബ്ലി റാവത്ത് എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ. സബ് കമ്മിറ്റി കൺവീനർമാരായി എച്ച് മഹാദേവൻ (പ്രമേയം), സുകുമാർ ഡാംലെ (ക്രഡൻഷ്യൽ), റാം ബഹേതി (മിനിറ്റ്സ്) എന്നിവരെയും തിരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Multi­na­tion­al monop­o­lies exploit work­ers for prof­it: Pam­bis Kyritsis

You may also like this video

Exit mobile version