Site iconSite icon Janayugom Online

മുണ്ടക്കൈ ചൂരൽമല ടൗൺഷിപ്പ് ഉദ്ഘാടനം മാറ്റി; താക്കോൽദാനം മാർച്ച് 1ന്

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് നടത്താനിരുന്ന താക്കോൽ ദാന ചടങ്ങാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്. ചടങ്ങ് അവധി ദിവസമാക്കണമെന്ന പൊതുജനങ്ങളുടെയും ഗുണഭോക്താക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം.

എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് ആദ്യഘട്ടത്തിൽ നടക്കുക. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ വിഭാവനം ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതല. ഏഴ് സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഓരോ വീടും പണിതിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്‌റൂം ഉൾപ്പെടെ മൂന്ന് മുറികൾ, ലിവിംഗ്-ഡൈനിംഗ് റൂമുകൾ, അടുക്കള, പഠനമുറി എന്നീ സൗകര്യങ്ങൾ ഓരോ വീട്ടിലുമുണ്ട്.

കേവലം വീടുകൾ മാത്രമല്ല, ദുരന്തബാധിതരുടെ സാമൂഹിക ജീവിതം മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. പബ്ലിക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ ടൗൺഷിപ്പിന്റെ ഭാഗമാണ്. എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന താത്കാലിക ഓപ്പൺ ഓഡിറ്റോറിയത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്.

Exit mobile version