
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ഈ മാസം 25ന് നടത്താനിരുന്ന താക്കോൽ ദാന ചടങ്ങാണ് ഞായറാഴ്ചയിലേക്ക് മാറ്റിയത്. ചടങ്ങ് അവധി ദിവസമാക്കണമെന്ന പൊതുജനങ്ങളുടെയും ഗുണഭോക്താക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഈ മാറ്റം.
എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ ദാനമാണ് ആദ്യഘട്ടത്തിൽ നടക്കുക. ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ വിഭാവനം ചെയ്തിരിക്കുന്നത്. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ടൗൺഷിപ്പിന്റെ നിർമ്മാണ ചുമതല. ഏഴ് സെന്റ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഓരോ വീടും പണിതിരിക്കുന്നത്. ഒരു മാസ്റ്റർ ബെഡ്‌റൂം ഉൾപ്പെടെ മൂന്ന് മുറികൾ, ലിവിംഗ്-ഡൈനിംഗ് റൂമുകൾ, അടുക്കള, പഠനമുറി എന്നീ സൗകര്യങ്ങൾ ഓരോ വീട്ടിലുമുണ്ട്.
കേവലം വീടുകൾ മാത്രമല്ല, ദുരന്തബാധിതരുടെ സാമൂഹിക ജീവിതം മുൻനിർത്തി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. പബ്ലിക് മാർക്കറ്റ്, അങ്കണവാടി, കുട്ടികളുടെ കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ എന്നിവ ടൗൺഷിപ്പിന്റെ ഭാഗമാണ്. എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാക്കുന്ന താത്കാലിക ഓപ്പൺ ഓഡിറ്റോറിയത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.