അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ താക്കോൽ നഗരസഭ ചെയർപേഴ്സൺ കെകെ ജയമ്മ ഏറ്റുവാങ്ങി. ട്രയൽ റണ്ണിനു ശേഷം മൊബൈൽ യൂണിറ്റിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. കക്കൂസ് മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായ സംസ്കരണ സംവിധാനത്തിന്റെ അഭാവം നഗരസഭ നേരിടുന്ന പ്രധാന വെല്ലുവിളി ആയിരുന്നു. ഇതിന്റെ പരിഹാരത്തിന്റെ ആദ്യപടിയായി മണിക്കൂറിൽ 6000 ലിറ്റർ സംസ്കരണ ശേഷിയുള്ള മൊബൈൽ യൂണിറ്റാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ഈ മാസം തന്നെ ഒരു ലക്ഷം ലിറ്റർ സംസ്കരണ ശേഷിയുള്ള ഒരു മൊബൈൽ യൂണിറ്റുകൂടി എത്തുമ്പോൾ കക്കൂസ് മാലിന്യ സംസ്കരണത്തിന് നഗരസഭയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. മൊബൈൽ യൂണിറ്റിൽ ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ ട്രീറ്റ്മെൻറ് സംവിധാനം വാഹനത്തിൽ തന്നെ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായിട്ടുള്ള വാഷ് ഇൻസ്റ്റിറ്റ്യൂട്ട് രൂപകല്പന ചെയ്ത ടെക്നോളജി ആണ് മൊബൈൽ യൂണിറ്റിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. ട്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം സംസ്കരണ യൂണിറ്റിൽ കൊണ്ടുവന്നു വളമാക്കുകയാണ് ചെയ്യുന്നത്. നിലവിൽ ശുചുമുറി മാലിന്യം യാതൊരു ട്രീറ്റ്മെൻറ് സംവിധാനവും ഇല്ലാതെ ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയുവാൻ മൊബൈൽ യൂണിറ്റുകൾ പ്രാവർത്തിമാകുന്നതോടെ നഗരസഭക്ക് സാധ്യമാകും.
നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എഎസ് കവിത, എം ആർ പ്രേം കൗൺസിലർമാരായ സലിംമുല്ലാത്ത്, സി അരവിന്ദാക്ഷൻ, ഡപ്യൂട്ടി സെക്രട്ടറി സുരേഷ്, ഹെൽത്ത് ഓഫീസർ കെപി വർഗ്ഗീസ്, നോഡൽ ഓഫീസർ സി ജയകുമാർ, അർബൻ ഇൻഫ്രാസ്ട്രക്ചർ വാട്ടർ എക്സ്പർട്ട്മാരായ ജയശ്രീ, അജിന, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണമോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.