പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് തെക്കേമങ്കുഴി മണപ്പാട്ട് പടീറ്റതിൽ ഭവാനി ഭവനത്തിൽ സദാനന്ദന്റെ മകൻ പ്രിൻസാണ് (ഉണ്ണി 55) മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. 2002 ‑ൽ വള്ളികുന്നം തെക്കേമുറിയിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ഇയാളുടെ സുഹൃത്തായിരുന്ന വള്ളികുന്നം തെക്കേമുറി മരങ്ങാട്ട് മുട്ടത്ത് തറയിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന സാബുവിന്റെ ഭാര്യ സലീനയെയാണ് (27) കൊലപ്പെടുത്തിയത്. 2007 മുതൽ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞ എട്ടിന് 15 ദിവസത്തെ പരോളിനാണ് പുറത്തിറങ്ങിയത്. 25 ന് തിരികെ ജയിലിൽ ഹാജരാകേണ്ടതായിരുന്നു.
മാതാപിതാക്കളും സഹോദരനും നേരത്തെ മരണപ്പെട്ടതിനാൽ വീട്ടിൽ ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നലെ രാവിലെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായി പറയുന്നു. ബന്ധുവിന്റെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നത്രെ. തുടർന്ന് ജയിലിലേക്ക് തിരികെ മടങ്ങാനായി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായും പറയുന്നു.
വള്ളികുന്നം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

