പാലക്കാട് തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ബിജെപിയിൽ കൂട്ടക്കലഹം . സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ ദേശിയ കൗൺസിലംഗം എൻ ശിവരാജനും ബിജെപി നേതാവും പാലക്കാട് നഗരസഭ ചെയർപേഴ്സണുമായ പ്രമീള ശശിധരനും വാക്ക് പോരുമായി രംഗത്തെത്തിയതോടെ ബിജെപിയിൽ തമ്മിലടി രൂക്ഷമായി.
തോൽവിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണെന്നും അത് കൗൺസിലർമാരുടെ തലയിൽ കെട്ടി വെക്കേണ്ടെന്നും എൻ ശിവരാജൻ മാധ്യമങ്ങളോട് പറഞ്ഞു . പ്രഭാരി രഘുനാഥ് എസി മുറിയിൽ കഴിയുക ആയിരുന്നു. രഘുനാഥിനെ പ്രഭാരി സ്ഥാനത്തു നിന്ന് മാറ്റണം എന്ന് 6 മാസം മുൻപ് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . കൗൺസിലർമാർ അല്ല തോൽവിക്ക് കാരണം. വോട്ട് കുറഞ്ഞതിന്റ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം. സ്വന്തം വാർഡിൽ പോലും ജയിക്കാൻ ആകാത്ത ആൾ ആണ് രഘുനാഥ്. എന്റെ ആസ്തി പരിശോധിക്കാം. കൃഷ്ണ കുമാറിന്റെ ആസ്തിയും പരിശോധിക്കണം. തനിക്ക് വസ്തുക്കച്ചവടം ഇല്ലെന്നും ശിവരാജൻ പറഞ്ഞു.
കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി വരുന്നതിൽ ജനങ്ങൾക്ക് എതിർപ്പ് ഉണ്ടായിരുന്നുവെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാനുള്ള കാരണം അതാണെന്നും പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിൽ നഗരസഭക്ക് പിഴവില്ല. ഏത് തെരഞ്ഞെടുപ്പ് വന്നാലും കൃഷ്ണകുമാർ മാത്രമേ സ്ഥാനാർത്ഥിയാകാൻ ഉള്ളോയെന്ന് വോട്ടറന്മാർ ചോദിച്ചിരുന്നു . കൃഷ്ണകുമാറിന് വിജയ സാധ്യത ഇല്ലെന്ന് കെ സുരേന്ദ്രനോട് പറഞ്ഞിരുന്നതായും പ്രമീള ശശിധരൻ വെളിപ്പെടുത്തി .