നമ്പ്യാരുപടി മന്ത്രവാദത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ആഭിജാര വേലകളും മന്ത്രവാദവും നടത്തി വന്ന മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെ(38) പുത്തൻകുരിശ് പോലീസ് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമീറിന് രാത്രി തട്ടുകടയിൽ ഭക്ഷണം ഉണ്ടാക്കലായിരുന്നു ജോലി. പിന്നീട് സ്വന്തമായി തട്ടുകട നടത്തിയെങ്കിലും നഷ്ടമാണെന്ന് പറഞ്ഞ് നിർത്തി . തുടർന്ന് ജോത്സ്യവും മന്ത്രവാദവുമായി വരികയായിരുന്നു. നാല് വർഷമായി കടമറ്റം നമ്പ്യാരുപടിയിൽ നവഗ്രഹ ജോതിഷാലയം എന്ന പേരിൽ തട്ടിപ്പ് കേന്ദ്രം നടത്തുകയായിരുന്നു.
പോലീസ് ഇടപെട്ട് ഒരു പ്രാവശ്യം ഇയാളുടെ കേന്ദ്രം അടപ്പിച്ചതാണ്. പക്ഷെ വ്യക്തമായ തെളിവുകളുടെ അഭാവം മൂലം പല തവണ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ട പലരും ഇവിടെ നിത്യ സന്ദർശകരായിരുന്നുവെന്ന് പറയുന്നു. രാത്രി കാലങ്ങളിൽ മുന്തിയ വാഹനങ്ങളിൽ ആളുകൾ എത്താറുണ്ടായിരുന്നുവെന്നും രാത്രി വൈകിയും കോഴിവെട്ടും മണി കൊട്ടും പൂജയും ആഭിജാര വേലകളും നടക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
വ്യാജ ജോത്സ്യൻ താമസിച്ചിരുന്ന ഇരുനില വീടിന്റെ ഉടമ മുമ്പ് ഇത് ബീവറേജ് കോർപ്പറേഷന് വേണ്ടി നല്കാൻ പദ്ധതിയിട്ടിരുന്നു. അന്ന് പ്രദേശവാസികളായ നാട്ടുകാരുടെ പ്രധിഷേധത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്. പിന്നീടാണ് നമ്പ്യാരുപടിയിൽ ആദ്യം തുടക്കമിട്ട ജ്യോതിഷാലയം ഇങ്ങോട്ടേക്ക് മാറ്റിയത്.
കേരളത്തെ നടുക്കിയ നരബലി സംഭവത്തെ തുടർന്ന് ഇവിടുത്തെ പ്രദേശവാസികളും നാട്ടുകാരും ഭീതിയിലായിരുന്നു. സാധാരണക്കാർക്ക് അടുക്കാൻ പേടിയായിരുന്നു. ഒരു കോഴി മുതൽ ഒറ്റ സംഖ്യ കണക്ക് വരുന്ന രീതിയിൽ 13 ഉം , 21 ഉം കോഴികളെ വെട്ടിയാണ് പൂജ ചെയ്തിരുന്നതെന്നും , പൂജയ്ക്ക് ശേഷം ഇതിന്റെ ഇറച്ചി മറിച്ച് കച്ചവടം ചെയ്യുന്നുണ്ടെന്നും ഇതിന് ശിങ്കിടികൾ വേറെയുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
സംഭവത്തെപറ്റി വിപുലമായ അന്വേണം വേണമെന്നാണ് നാട്ടുകാരും പ്രദേശത്തെ പൊതുപ്രവർത്തകരും പറയുന്നത്.
പ്രതിയെ പുത്തൻകുരിശ് പൊലീസ് രാത്രിതന്നെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
English Summary: Nambiarupadi narabali, new revelations
You may also like this video