അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യു എസ് സന്ദർശനത്തിനിടെ മോഡിയെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 21 മുതൽ 23 വരെയാണ് മോഡിയുടെ യുഎസ് സന്ദർശനം. ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് മോഡി യുഎസിൽ എത്തുന്നത്. ഡെൽവെയറിൽ വെച്ചാണ് സമ്മേളനം നടക്കുക.
മോഡിക്ക് പുറമേ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് , ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവരാണ് ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുക. എവിടെ വെച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല. പ്രസിഡന്റായിരിക്കെ ട്രംപും മോഡിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു. ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായി. വ്യാപാര തർക്കങ്ങൾക്കിടയിലും, ബന്ധം സുരക്ഷിതമായി കൊണ്ടുപോകാൻ മോഡിയും ട്രംപും ശ്രദ്ധിച്ചു.