Site iconSite icon Janayugom Online

ദേശീയ വിദ്യാഭ്യാസ നയം; സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കാനാകില്ല

2020ലെ ദേശീയ വിദ്യാഭ്യാസ നയം പോലുള്ള ഒരു നയം നടപ്പാക്കണമെന്ന് ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.

തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം.

ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 

വാദത്തിന്റെ തുടക്കത്തില്‍ തന്നെ ഇത് പരിഗണിക്കാനാകില്ലെന്ന് ബെഞ്ച് ബിജെപി അനുകൂലി കൂടിയായ ഹര്‍ജിക്കാരന്‍ ജി എസ് മണിയോട് വ്യക്തമാക്കിയിരുന്നു. ഒരു സംസ്ഥാനം വിദ്യാഭ്യാസ നയം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരു വിഷയമല്ല. പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതിക്ക് ഭരണഘടനയുടെ 32-ാം അനുഛേദം വഴി ഒരു ഉത്തരവ് പുറപ്പെടുവിക്കാനാകും. വിദ്യാഭ്യാസ നയം അംഗീകരിക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു നയം നടപ്പാക്കിയതിലോ നടപ്പാക്കാത്തതിലോ കോടതി ഇടപെട്ടാല്‍ അത് അവരുടെ മൗലികാവകാശ ലംഘനമാണ്. ഇത്തരത്തില്‍ ഒരു റിട്ട് ഹര്‍ജി നല്‍കാനുമാകില്ല. ഹര്‍ജിക്കാരനും ഇതില്‍ ഒന്നും ചെയ്യാനാകില്ല. ഹർജി സമർപ്പിച്ച അപേക്ഷകന്‌ വിഷയവുമായുള്ള ബന്ധത്തെകുറിച്ചും കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ തമിഴ്‌നാട്ടുകാരനാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് ഡല്‍ഹിയിലാണ്. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയാണെന്നും ജസ്റ്റിസ് പര്‍ഡിവാല പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് തമിഴ്‌നാട്, കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഈ മൂന്ന് സംസ്ഥാനങ്ങളും ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഈ നയം നടപ്പാക്കിയെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ആവര്‍ത്തിച്ച് ഈ നയത്തെ തള്ളിപ്പറയുന്നുണ്ടെന്നും ഇത് അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) പ്രകാരമാണ്‌ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട്‌ ത്രിഭാഷാ നയം നടപ്പാക്കാൻ ആവശ്യപ്പെട്ടത്‌. ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷാ നയത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുൾപ്പെടെ ഹിന്ദി അടിച്ചേല്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Exit mobile version