Site iconSite icon Janayugom Online

ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടിയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തില്‍

ഇന്ത്യക്കുനേരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടിയല്‍ റഷ്യന്‍ സന്ദര്‍ശനത്തിനെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയുടെ റഷ്യയുമായുള്ള പ്രതിരോധ, ഊര്‍ജ്ജ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനമാണിതെന്നാണ് വിവരം. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും കൂടിക്കാഴ്ച. നിലവിലെ വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്‌തേക്കും.

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ വിതരണം പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത്, ഇന്ത്യയില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത്, റഷ്യയുടെ സു-57 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ മുതലായ കാര്യങ്ങളും ചര്‍ച്ച ചെയ്‌തേക്കും.വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും റഷ്യ സന്ദര്‍ശിക്കുന്നുണ്ട്. ഓഗസ്റ്റ് 27, 28 തീയതികളിലാണ് സന്ദര്‍ശനം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായും റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും.

യുക്രൈന്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നതിനിടയിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഇന്ത്യക്ക് മേല്‍ 25 ശതമാനം തീരുവയും ചുമത്തി. ഇത് വീണ്ടും ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അതേസമയം ഇന്ത്യയുടെ റഷ്യയുമായുള്ള ബന്ധം പരസ്പര ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മറ്റ് രാജ്യങ്ങള്‍ അതിനെ വിലയിരുത്തേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

Exit mobile version