Site iconSite icon Janayugom Online

ദേശീയ പണിമുടക്ക് താക്കീതായി; അണിചേര്‍ന്നത് 40 കോടി ജനങ്ങള്‍

തൊഴിലാളി വിരുദ്ധ വിവാദ ലേബര്‍ കോഡ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ രാജ്യം നിശ്ചലം. പണിമുടക്ക് പല സംസ്ഥാനങ്ങളിലും ബന്ദായി. റോഡ്-റെയില്‍ ഗതാഗതം തടസപ്പെടുകയും ബാങ്ക് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയും ചെയ്തു. ദേശീയ പണിമുടക്കില്‍ 40 കോടി ജനങ്ങള്‍ അണിചേര്‍ന്നതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ലേബര്‍ കോഡ്, കുത്തകവല്‍ക്കരണം, തൊഴിലാളി — കര്‍ഷക ദ്രോഹ നയങ്ങള്‍, തൊഴില്‍ സമയം വര്‍ധിപ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കം എന്നിവയ്ക്കെതിരെ നടന്ന പണിമുടക്കില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ കണ്ണികളായി. മുംബൈ അടക്കമുള്ള വ്യാവസായിക മേഖലയെ പണിമുടക്ക് ബാധിച്ചു. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച് എംഎസ്, ടിയുസിസി, എഐയുടിയുസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പണിമുടക്കില്‍ ബാങ്ക്, ഇന്‍ഷുറന്‍സ് സംഘടനകളും പിന്തുണ നല്‍കി. ബിജെപിയുടെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) നേതൃത്വത്തെ തള്ളി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളായി. എഐബിഇഎ, എഐബിഒഎ, ബെഫി, എഐഐഇഎ, എഐഎല്‍സിഇഎഫ്, എഐഎന്‍എല്‍ഐഇഎഫ് എന്നിവരും കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയും ഭാഗഭാക്കായി. 

പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിഹാറില്‍ പണിമുടക്ക് ബന്ദായി മാറി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിലുടെ കോടിക്കണക്കിന് സമ്മതിദായര്‍ക്ക് വോട്ടവകാശം നിഷേധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിനും ബിഹാര്‍ സാക്ഷ്യം വഹിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരടക്കമുള്ള നേതാക്കള്‍ പട്നയില്‍ പണിമുടക്കിന്റെ ഭാഗമായ ചക്ര സ്തംഭനത്തില്‍ അണിചേര്‍ന്നു.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബാങ്ക്, ഗതാഗത, വൈദ്യുതി മേഖല സ്തംഭിച്ചു. പ്രതിഷേധക്കാര്‍ ദേശീയ പാത അടക്കമുള്ളവ ഉപരോധിച്ച് അറസ്റ്റ് വരിച്ചു. പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാങ്കിങ് — തപാല്‍ — ഇന്‍ഷുറന്‍സ് ഓഫിസ് പ്രവര്‍ത്തനം നാമമാത്രമായി. മെട്രോ നഗരങ്ങളായ ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഗാന്ധിനഗര്‍, ബംഗാളിലെ ജാദവ്പൂര്‍, സിലിഗുരി, പട്ന, ഡല്‍ഹി എന്നിവയെ പണിമുടക്ക് കാര്യമായി ബാധിച്ചു. മെട്രോ ട്രെയിന്‍ സര്‍വീസ് അടക്കം മുടങ്ങി. ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഖനികള്‍ അടച്ചിട്ട് തൊഴിലാളികള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍ക്ക് പുറമേ തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്), ബിജു ജനതാദള്‍ (ബിജെഡി) എന്നിവയും തൊഴിലാളി പണിമുടക്കിന് പിന്തുണ നല്‍കി. മൂന്നു ലക്ഷം പ്രതിരോധ സിവിലിയന്‍ ഉദ്യോഗസ്ഥരും പ്രക്ഷോഭത്തില്‍ അണിനിരന്നു. രാജ്യത്തെ 400 പ്രതിരോധ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ ഒരു മണിക്കൂര്‍ പണിമുടക്കില്‍ പങ്കാളികളായി. രാജ്യവ്യാപകമായി കേന്ദ്ര തൊഴിലാളി യൂണിയനുകള്‍ നടത്തിയ പണിമുടക്ക് ബിജെപി സര്‍ക്കാരിന്റെ തേര്‍വാഴ്ചയ്ക്കെതിരെയുള്ള ശക്തമായ താക്കീതായി അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു. 

Exit mobile version