Site iconSite icon Janayugom Online

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ, സുധാകരന്റെയും ലക്ഷ്മിയുടെയും സംസ്കാരം ഇന്ന്

നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന നാല് ടീമുകളാണ് പരിശോധനയ്ക്കിറങ്ങിയത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിരിക്കുകയാണ്. 

പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മലയടിവാരത്തിലാണ് പ്രതി ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

Exit mobile version