Site iconSite icon Janayugom Online

ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചു ; കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ഡിപി) പിന്‍വലിച്ചു. പ്രതിപക്ഷത്തെ നേരിടാന്‍ ട്രൂഡോ സര്‍ക്കാര്‍ ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് പിന്തുണ പിന്‍വലിച്ചത്. സെപ്തംബര്‍ 16ന് ഒട്ടാവയില്‍ പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ട്രൂഡോ നേതൃത്വം നല്‍കുന്ന ലിബറല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 2022 മാര്‍ച്ചിലാണ് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിന് പിന്തുണ നല്‍കിയത്. പുരോഗമന ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണ. എന്നാല്‍ ട്രൂഡോ സര്‍ക്കാര്‍ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും കോര്‍പറേറ്റുകള്‍ക്ക് അടിയറ വെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഡിപി പിന്തുണ പിന്‍വലിച്ചത്.

എന്‍ഡിപി നേതാവ് ജഗ്മീത് സിംഗ് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഖലിസ്ഥാന്‍ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ സര്‍ക്കാര്‍ നിലപാടെടുത്തത് ജഗ്മീത് സിംഗിന്റെ സമ്മര്‍ദം മൂലമാണെന്നാണ് സൂചന. എന്‍ഡിപിയുടെ പിന്തുണ ഇല്ലാതായതോടെ ട്രൂഡോ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്. അടുത്ത വര്‍ഷം ഒക്ടോബറിലാണ് കനേഡിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ വീണാല്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും. ഭരണം നിലനിർത്താൻ പുതിയ സഖ്യത്തിനായുള്ള ശ്രമത്തിലാണ് ട്രൂഡോ. 

16ന് ആരംഭിക്കുന്ന ഹൗസ് ഓഫ് കോമൺസിന്റെ യോഗത്തിൽ പ്രതിപക്ഷം വിശ്വാസവോട്ട് തേടാൻ സാധ്യതയുണ്ട്. എൻഡിപി പിന്തുണച്ചില്ലെങ്കിൽ സർക്കാർ വീഴും. അങ്ങനെയുണ്ടായാൽ അടുത്ത വർഷം ഒക്ടോബറിൽ നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും. നിലവിലെ അവസ്ഥയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ജസ്റ്റിൻ ട്രൂഡോക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പ്രവചനങ്ങൾ. അതേസമയം, നേരത്തെ തെരഞ്ഞെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങൾ ട്രൂഡോ തള്ളിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Exit mobile version