തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ 80 ശതമാനം ജില്ലകളിൽ ഓംബുഡ്സ്‍മാന്‍മാരെ നിയമിക്കാത്ത സംസ്ഥാനങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ തൊഴിലുറപ്പ് പദ്ധതി ഫണ്ട് നല്കില്ലെന്ന് കേന്ദ്ര സർക്കാർ. അതേസമയം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ രേഖകളനുസരിച്ച് ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അരുണാചൽ പ്രദേശ്, ഗോവ, ടിആർഎസ് ഭരിക്കുന്ന തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ദാദ്ര നഗർ ഹവേലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഒരൊറ്റ ഓംബുഡ്സ്‍മാന്‍ പോലും ഇല്ല.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വളരെ കുറച്ച് ജില്ലകളിലേ ഓംബുഡ്സ്‍മാനെ നിയമിച്ചിട്ടുള്ളു. പദ്ധതി നിലവിലുള്ള 33 ജില്ലകളിൽ നാലെണ്ണത്തിൽ മാത്രമേ നിയമനം നടന്നിട്ടുള്ളു. പശ്ചിമ ബംഗാളിൽ 23 ജില്ലകളിൽ നാലിടത്താണ് ഓംബുഡ്സ്മാനെ നിയമിച്ചിട്ടുള്ളത്. ഹരിയാനയിലും പഞ്ചാബിലും സ്ഥിതി സമാനമാണ്. പദ്ധതിക്ക് കീഴിൽ 22 ജില്ലകൾ വീതമുള്ള ഹരിയാനയിലെ നാല് ജില്ലകൾക്കും പഞ്ചാബിലെ ഏഴ് ജില്ലകൾക്കും മാത്രമേ ഓംബുഡ്സ്‍മാനുള്ളൂ.
സംസ്ഥാനങ്ങൾ എല്ലാ ജില്ലകളിലും എംജിഎൻആർഇജിഎസിനു കീഴിൽ ഓംബുഡ്സ്മാനെ നിയമിക്കണം. മൊത്തം ജില്ലകളിൽ 80 ശതമാനത്തിലെങ്കിലും ഓംബുഡ്സ് പേഴ്സൺമാരെ നിയമിക്കാത്ത സംസ്ഥാനങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ലഭിക്കില്ലെന്ന ഗ്രാമവികസന സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്‍പേഴ്സൺ ആപ്പ് പുറത്തിറക്കിയ ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങ് വിവിധ ജില്ലകളിലെ ഓംബുഡ്സ്‍മാന്‍ നിയമനമില്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പലയിടത്തും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ളവരെ നിയമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary:No appointment of ombudsman in BJP states
You may also like this video