Site icon Janayugom Online

കപ്പലുകളില്ല :ലക്ഷദ്വീപ് യാത്രക്കാർ ദുരിതത്തിൽ

Lakshadweep

യാത്രാകപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ലക്ഷദ്വീപ് നിവാസികൾ ദുരിതത്തിൽ. വിദ്യാർത്ഥികളും ചികിത്സ സംബദ്ധമായ ആവശ്യങ്ങൾക്ക് പോകേണ്ട രോഗികളുമാണ്  യഥാസമയം കപ്പൽ ഇല്ലാത്തതുകൊണ്ട് ഏറെ വലയുന്നത്. ഏഴു കപ്പലുകളാണ് സർവീസ് നടത്തിയിരുന്നത്. അത് ഒന്നാക്കി ലക്ഷദ്വീപ് ഭരണകൂടം നേരെത്തെ  വെട്ടികുറച്ചിരുന്നു. ഇതേതുടർന്ന് ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോഴാണ് പിന്നെ ഒന്നുകൂടി വർദ്ധിപ്പിച്ചത് . നിലവിൽ എം വി കോറൽസ് , എം വി അറേബ്യൻ  സീ എന്ന   രണ്ടു കപ്പലാണ് സർവീസ് നടത്തുന്നത്. പ്രഫുൽ ഖോഡാ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതോടെ  ബേപ്പൂരിലേക്കുള്ള ലക്ഷദ്വീപ് യാത്രാ കപ്പലുകളും നിർത്തലാക്കിയിരുന്നു.  യാത്രാ ദുരിതം രൂക്ഷമാകുമ്പോഴും പകരം സംവിധാനമൊരുക്കാൻ അഡ്മിനിസ്‌ട്രേഷൻ തയ്യാറായിട്ടില്ല. 

ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരിലേക്കുള്ള സ്പീഡ് വെസലുകൾ നിലച്ചതോടെ മലബാറിലെ ദ്വീപ് യാത്രക്കാർ കഷ്ടതയിലാണ്. നേരത്തെ ഉണ്ടായിരുന്ന രണ്ട് യാത്രാ കപ്പലുകൾ ദ്വീപ് ഭരണകൂടം നിർത്തലാക്കിയതിന് ശേഷം വെസലുകളെയാണ്  കോഴിക്കോട് നിന്നുള്ള യാത്രക്കാർ ആശ്രയിച്ചിരുന്നത്. കാലവർഷമെത്തുന്നതിനാൽ ഇനി നാലു  മാസക്കാലം വെസലുകളുമില്ല. മെയ് 15 മുതലാണ്  നാലു മാസത്തെ മൺസൂൺ സീസണിൽ ലക്ഷദ്വീപിൽ നിന്ന് വൻകരയിലേക്കുള്ള സ്പീഡ് വെസലുകൾ സർവ്വീസ് നിർത്തിവെച്ചിരി ക്കുന്നത്.മലബാറിലുള്ള  ദ്വീപുകാർക്ക്  സ്വന്തം വീടുകളിലേക്ക് പോകണമെങ്കിൽ   ഇനി കൊച്ചി വഴി മാത്രമേ യാത്രാ ചെയ്യാനാവൂ. എന്നാൽ കൊച്ചിയിലും ആവശ്യത്തിന് കപ്പലുകളില്ല. തിരക്ക് കാരണം പലർക്കും ദിവസങ്ങളായി ടിക്കറ്റും ലഭിക്കുന്നില്ല. ടിക്കറ്റ് കിട്ടിയാലും കപ്പൽ കാത്ത് കൊച്ചിയിൽ ദിവസങ്ങളോളം മുറിയെടുത്ത് താമസിക്കേണ്ടിവരുന്ന ഗതികേടിലാണ് ദ്വീപ് നിവാസികൾ. ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കുമായി  കേരളത്തിലെത്തിയവരിൽ ഏറെ പേരാണ് കൊച്ചിയിൽ തങ്ങുന്നത് .

ഇപ്പോൾ സർവീസ് നടത്തുന്ന കപ്പലുകളിൽ   250, 400 സീറ്റുകളാണുള്ളത്.എന്നാൽ യാത്രക്കാരുടെ എണ്ണം കൂടുതലുമാണ്.150 സീറ്റുകളുള്ള രണ്ട് കപ്പലുകൾ കാലാവധി കഴിഞ്ഞതിനാൽ സ‌ർവീസ് നടത്തുന്നില്ല. 700 സീറ്റിന്റെ ശേഷി ഉണ്ടായിരുന്ന എം.വി കവരത്തി കപ്പൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നന്നാക്കുന്നതിനായി കൊച്ചിയിലെത്തിച്ചിട്ട്  മാസങ്ങളായി. അറ്റകുറ്റപണികൾ  എന്ന് പൂർത്തിയാകും എന്ന കാര്യത്തിൽ നിശ്ചയമില്ല. ആകെ 64,473 ത്തോളം ജനസംഖ്യയുള്ള 10 ദ്വീപുകാർക്കും കൂടാതെ ജോലിക്കും സന്ദർശനത്തിനുമായി വൻകരയിൽ നിന്ന് ദ്വീപിലേക്ക് വരുന്നവർക്കുമൊക്കെ കൂടിയാണിപ്പോൾ രണ്ടു കപ്പൽ സർവ്വീസ് നടത്തുന്നത്.സീറ്റ് കപ്പാസിറ്റിയേക്കാൾ കൂടുതൽ  യാത്രക്കാരെയും കയറ്റിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലേക്ക് കപ്പൽ പുറപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. നിലവിലുള്ള കാലാവസ്ഥയിൽ  വൻ  അപകടത്തിന് ഇത് വഴിവെച്ചേക്കാം. യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ദ്വീപ്  നിവാസികളുടെ ആവശ്യം.

Eng­lish Sum­ma­ry: No ships: Lak­shad­weep pas­sen­gers in distress

You may like this video also

Exit mobile version