Site iconSite icon Janayugom Online

തെക്കേ ഇന്ത്യക്കുവേണ്ടിയല്ല രാജ്യത്തിനാകെ വേണ്ടി: ബിനോയ് വിശ്വം

മണ്ഡല പുനര്‍നിര്‍ണയത്തില്‍ വിവേചനം പാടില്ലെന്ന ആവശ്യത്തില്‍ നമ്മള്‍ നിലകൊള്ളുന്നത് തെക്കേ ഇന്ത്യക്കുവേണ്ടി മാത്രമല്ലെന്നും രാജ്യത്തിനാകെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയം സംബന്ധിച്ച് ചേര്‍ന്ന സംയുക്ത കര്‍മ്മ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇതെല്ലാം രാജ്യം വലുതും മഹത്തരവുമാണെന്നാണ് വ്യക്തമാക്കുന്നത്. ഇത് രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടിയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പാരമ്പര്യത്തിന്റെ തുടര്‍ച്ചയുമാണ്. അതില്‍ ഒട്ടുമേ പങ്കില്ലാത്ത ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഡല്‍ഹിയില്‍ അധികാരം കയ്യാളുന്നത്. അതുകൊണ്ടുതന്നെ അവര്‍ രാജ്യത്തിന്റെ വികാരവും ജനങ്ങളുടെ പ്രതീക്ഷകളും മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പങ്കെടുക്കുന്നത് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ളവരാണെങ്കിലും ഈ വിഷയത്തില്‍ ഒരേ മനസുള്ളവരാകയാല്‍ ഒരുമിച്ചുനില്‍ക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ കാര്യത്തിലും ഒരുപോലെ തന്നെ. സാമൂഹ്യ പുരോഗതിയില്‍ മാത്രമല്ല നവോത്ഥാന മുന്നേറ്റങ്ങളിലും നമുക്ക് സാമ്യങ്ങളുണ്ട്. കേരളം നേടിയ പുരോഗതിതന്നെ ദോഷമാണെന്ന നിലയില്‍ സംസാരിക്കുന്ന കേന്ദ്ര മന്ത്രിമാരുണ്ടായിരിക്കുന്നു. സംസ്ഥാനം പിന്നാക്കമാണെന്ന് വരുത്തിയാല്‍ കേന്ദ്ര വിഹിതം നല്‍കാമെന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞത്. ഇവിടെയും ജനസംഖ്യാ നിയന്ത്രണമെന്ന കേന്ദ്രനയം നടപ്പിലാക്കിയതിന്റെ ശിക്ഷയാണ് നാം അഭിമുഖീകരിക്കുവാന്‍ പോകുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

Exit mobile version