Site icon Janayugom Online

മോഡിയുടെ ജന്മദിനത്തില്‍ വാക്സിനു പകരം ലഭിച്ചത് സർട്ടിഫിക്കറ്റുകൾ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ വാക്സിനേഷന്‍ റെക്കോഡിന്റെ കള്ളക്കണക്കുകള്‍ പുറത്തുവിട്ട് ദ കാരവന്റെ റിപ്പോര്‍ട്ട്. വാക്സിന്റെ ഒരു ഡോസും ലഭിക്കാതെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതെന്ന് വിവിധ സംസ്ഥാനങ്ങളില്‍ കാരവന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമാനമായ രീതിയില്‍ നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിഹാറില്‍ സെപ്റ്റംബര്‍ 15 നും 16 നും നല്‍കിയ വാക്സിനുകളുടെ എണ്ണമാണ് സെപ്റ്റംബര്‍ 17 ലെ കണക്കുകളില്‍ ചേര്‍ത്തതെന്ന് ഓണ്‍ലെെന്‍ മാധ്യമമായ സ്ക്രോള്‍ കണ്ടെത്തിയിരുന്നു.

കോവിന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 2.5 കോടി ഡോസ് വാക്സിനുകളാണ് മോഡിയുടെ പിറന്നാള്‍ ദിവസം നല്‍കിയത്. എന്നാല്‍ അത് കഴിഞ്ഞുള്ള ഏഴ് ദിവസങ്ങളില്‍ വാക്സിനേഷന്‍ നിരക്ക് 76 ലക്ഷമായാണ് ചുരുങ്ങിയത്. റെക്കോഡ് വാക്സിനേഷന്‍ യജ്ഞം നടത്തിയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണെന്നും സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ കണക്കുകളിലും രേഖകളിലും പിറന്നാള്‍ ദിനത്തില്‍ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കാന്‍ കൃത്രിമം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പിറന്നാള്‍ ദിനത്തിലെ വാക്സിനേഷനായി വാക്സിന്‍ ഡോസുകള്‍ പൂഴ്ത്തി വച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര യോഗ ദിനമായ ജുണ്‍ 21ന് രാജ്യത്തുടനീളം 86 ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്. ജൂണ്‍ 21 ന് മുന്‍പ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറവായിരുന്നതും പൂഴ്ത്തിവയ്പ്പിന്റെ സാധ്യത വ്യക്തമാക്കിയിരുന്നു. സമാനമായ രീതിയിലാണ് സെപ്റ്റംബര്‍ 17 ന് മുന്‍പും ശേഷവും വാക്സിനേഷന്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത്.

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെയോ നേതാവിന്റെയോ ചിത്രം പതിച്ച ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഇതുള്‍പ്പെടെയുളള വിഷയങ്ങളില്‍ രാജ്യത്തിന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് വാക്സിനെടുക്കാതെ സര്‍‍‍ട്ടിഫിക്കറ്റ് നല്‍കുന്നവെന്ന കണ്ടെത്തലും പുറത്തു വരുന്നത്.

Eng­lish sum­ma­ry: On Modi’s Birth­day, Many Got Vac­cine Cer­tifi­cates But Not Vaccines
You may also like this video:

Exit mobile version