Site iconSite icon Janayugom Online

അന്തിമ പരിശോധന കൂടി പൂര്‍ത്തിയായാല്‍ ഐഎന്‍എസ് വിക്രാന്ത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും

ഇന്ത്യയുടെ തദ്ദേശീയ അന്തര്‍ വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് അതിന്റെ അന്തിമ പ്രവര്‍ത്തനാനുമതി കൂടി ലഭ്യമായാല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് ദക്ഷിണ നാവിക ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡ് ഇന്‍ ചീഫ്, വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് പറഞ്ഞു. ഐഎന്‍എസ് വിക്രാന്ത് അതിന്റെ അന്തിമ പ്രവര്‍ത്തനാനുമതി പൂര്‍ത്തിയാക്കിയതായി കൊച്ചിയില്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ഷാര്‍ദുലില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

രാജ്യത്തിന്റെയും നാവികസേനയുടെയും അഭിമാനത്തിന്റെ പ്രതീകമായ ഈ കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രതിബദ്ധതകളും പൂര്‍ണമായും ഏറ്റെടുക്കാന്‍ പ്രാപ്തമായെന്നും വി ശ്രീനിവാസ് പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ബ്യൂറോ രൂപകല്‍പ്പന ചെയ്തതും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മിച്ചതുമായ വിക്രാന്ത്, ഇന്ത്യയുടെ സമുദ്രചരിത്രത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ കപ്പലാണ്. 

അത്യാധുനിക ഓട്ടോമേഷന്‍ സവിശേഷതകളും 2200 കംപാര്‍ട്ട്മെന്റുകളും ഇതിലുണ്ട്. വനിതാ ഉദ്യോഗസ്ഥരും നാവികരും ഉള്‍പ്പെടെ ഏകദേശം 1600 പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

Exit mobile version