Site iconSite icon Janayugom Online

സംഘടനാ തെരഞ്ഞെടുപ്പ്; തഴയുന്നതായി മുതിർന്ന ബിജെപി നേതാക്കൾ

ബിജെപി ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കാനുള്ള അഭിപ്രായ രൂപവല്‍ക്കരണത്തിൽ നിന്നൊഴിവാക്കിയതിനെതിരെ പരാതിയുമായി മുതിർന്ന നേതാക്കൾ. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളെയാണ് അഭിപ്രായം തേടുന്നവരുടെ പട്ടികയിൽ നിന്ന് മാറ്റി നിർത്തിയത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരും നിലവിലുള്ളവരുമായ മണ്ഡലം ഭാരവാഹികളെവരെ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിൽ അഭിപ്രായം തേടാൻ നിർബന്ധമായി കണ്ടിരിക്കേണ്ട ഗണത്തിൽ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളെ ഒഴിവാക്കിയത്. കണ്ണിലെ കരടായ ഒരു വിഭാഗത്തെ മനഃപൂർവം മാറ്റിനിർത്താനുള്ള കുതന്ത്രമാണിതെന്നാണ് പരാതി. പ്രസിഡന്റുമാരെ കൂട്ടായ തീരുമാനത്തിലൂടെ കണ്ടെത്താൻ ജില്ലകളിൽ പര്യടനം നടത്തിയ നേതാക്കൾക്ക് ആരോടൊക്കെയാണ് അഭിപ്രായം തേടേണ്ടത് എന്നത് സംബന്ധിച്ച് നൽകിയ നിര്‍ദേശത്തിലാണ് ഈ വേർതിരിവ്.

മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് കടന്നതിന് പിന്നാലെ മത്സര സാധ്യതയുള്ളിടത്തൊക്കെ താല്‍ക്കാലിക കമ്മിറ്റികൾ രൂപവല്‍ക്കരിച്ചാൽ മതിയാകുമെന്ന നിര്‍ദേശം ആശയക്കുഴപ്പത്തിനും കോടതി കയറ്റത്തിനുമിടയാക്കിയിരുന്നു. ഇതോടെ, നിര്‍ദേശം പിൻവലിച്ച് സംസ്ഥാന വരണാധികാരി അടുത്ത സർക്കുലർ പുറപ്പെടുവിച്ചു. നിലവിലുണ്ടായിരുന്ന ഭാരവാഹികൾക്ക് മാത്രമേ പുതിയ കമ്മിറ്റികളിലും ഭാരവാഹിയാകാനാവൂ എന്ന നിര്‍ദേശത്തിനെതിരെയും ഒച്ചപ്പാടുണ്ടായി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ആരോപണം. അതേ സമയം, സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ മാത്രമേ നടക്കാൻ സാധ്യതയുള്ളൂ എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഈ 15നകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നായിരുന്നു ആദ്യ തീരുമാനം. ഇപ്പോഴും മണ്ഡലം തെരഞ്ഞെടുപ്പിലേക്ക് എത്തിയിട്ടേയുള്ളു. ആർഎസ്എസിന് താല്പര്യമുള്ളയാളും സീനിയറുമായ എം ടി രമേശ് അധ്യക്ഷ സ്ഥാനത്തിനായി സജീവമായി രംഗത്തുണ്ടെങ്കിലും അവസാനം കെ സുരേന്ദ്രനുതന്നെ നറുക്കു വീഴും എന്ന ഉറച്ച ശുഭ പ്രതീക്ഷയിലാണ് സുരേന്ദ്രൻപക്ഷം. തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരായി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും പുറമെ വരണാധികാരിയും ഉണ്ടെങ്കിലും കേരളത്തിന്റെ ചുമതലക്കാരനായി പുതിയ പ്രഭാരി വേണമെന്ന ആവശ്യവും ശക്തമാണ്. വരണാധികാരി സംസ്ഥാന നേതൃത്വത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് ദേശീയ നേതൃത്വത്തിന് പരാതിയും പോയിരുന്നു.

Exit mobile version