Site iconSite icon Janayugom Online

അമിതമായ തിരക്ക്; പുതിയ 7663 സ്പെഷ്യല്‍ ട്രയിനുകള്‍ അനുവദിച്ചതായി റെയില്‍വേ ബോര്‍ഡ്

ഉത്സവ സീസണുകള്‍ പ്രമാണിച്ച് ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 വരെ 7663 സ്പെഷ്യല്‍ ട്രയിനുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് റെയില്‍വേ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. എന്നിരുന്നാലും ബോര്‍ഡിന്റെ ഈ അറിയിപ്പിനെ മാനിക്കാതെ സോഷ്യല്‍ മീഡിയയില്‍ ട്രയിനില്‍ തിങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന ആളുകളുടെയും ടോയ്ലറ്റില്‍ വരെ നിറഞ്ഞ് നില്‍ക്കുന്ന ആളുകളുടെയും വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

റെയില്‍വേ ബോര്‍ഡ് പറയുന്നതനുസരിച്ച് നവംബര്‍ 4ന് 1.2 കോടിയിലധികം യാത്രക്കാരാണ് ട്രയിനുകളില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷത്തെ ഒറ്റ ദിവസത്തെ യാത്രക്കാരുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബര്‍ 3,4 തീയതികളില്‍ യഥാക്രമം 207ഉം 203ഉം സ്പെഷ്യല്‍ ട്രയിനുകള്‍ സര്‍വ്വീസ് നടത്തിയതായും ബോര്‍ഡ് പറയുന്നു. 

എന്നിരുന്നാലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റെയില്‍വേ സ്റ്റേഷനുകളിലെ ട്രയിനുകളിലെ വന്‍ തിരക്ക് കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

എക്സിലൂടെ പുറത്ത് വന്ന ഒരു വീഡിയോയില്‍ കഴിഞ്ഞ 13 മണിക്കൂറായി താന്‍ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നില്‍ക്കുകയാണെന്നും ഇനി 8 മണിക്കൂര്‍ കൂടി യാത്ര ചെയ്താലെ തന്റെ സ്ഥലത്തെത്തുകയുള്ളൂ എന്നും ഒരു യാത്രക്കാരന്‍ പറയുന്നു. 

വൈറലായ മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ടോയ്ലറ്റില്‍ കിടന്ന് ഉറങ്ങുന്ന ഒരു മനുഷ്യനെ കാണാം. 

Exit mobile version