Site iconSite icon Janayugom Online

പാലക്കാട് പരാജയം ചർച്ചയാകും ; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ചർച്ച ചെയ്യുവാനും സ്ഥാനാർത്ഥി നിർണ്ണയത്തെ രൂക്ഷമായി വിമർശിച്ച ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷക്കുമെതിരെയുള്ള നടപടി ചർച്ച ചെയ്യാനുമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ 9 മണിമുതലാണ് യോഗം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ജില്ലാ ഘടകത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും വിലയിരുത്തും. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ സാന്നിധ്യത്തിലാകും യോഗം. 

നേരത്തെ, 7,8 തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചിരുന്നു. പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിക്കുള്ളിൽ ഉണ്ടായത് വലിയ പൊട്ടിത്തെറിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ചർച്ച ഒഴിവാക്കാനാണോ നേതൃത്വത്തിന്റെ നീക്കമെന്ന് സുരേന്ദ്ര വിരുദ്ധചേരി സംശയിച്ചിരുന്നു. റിപ്പോർട്ടില്ലെങ്കിലും കോർകമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാലക്കാട് തോൽവി ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്.
ഫലം വന്നശേഷം മൗനത്തിലാണ് ശോഭ. പരസ്യ വിമർശനത്തിലൂടെ പാർട്ടിയിലെ ഭാവി പദവികൾ നഷ്ടപ്പെടുത്തേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. 

സ്ഥാനമുറപ്പിക്കാൻ സുരേന്ദ്രനും അമരത്തെത്താൻ ശോഭയും എംടി രമേശുമൊക്കെ നീക്കം നടത്തുന്നുണ്ട്. വി മുരളീധരന്റെ പേരും സജീവമാണ്. പികെ കൃഷ്ണദാസ് മുരളിക്കൊപ്പം ചേർന്നു. കൃഷ്ണദാസിനോട് അകൽച്ചയിലാണ് എംടി രമേശ്. പഴയ മെഡിക്കൽ കോഴ വിവാദം വീണ്ടും ഉയർന്നത് അധ്യക്ഷസ്ഥാനത്തേക്കുള്ള തന്റെ പേര് വരുന്നതിന് തടയിടാനാണെന്നാണ് എംടി രമേശ് കരുതുന്നത്. നേരത്തെ വിവാദം പാർട്ടി കമ്മിഷൻ അംഗം എകെ നസീർ ഇപ്പോൾ സിപിഐ എമ്മിലാണെങ്കിലും നസീറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയിലെ തന്റെ എതിരാളികളാണോ എന്നും രമേശിന് സംശയമുണ്ട്.

Exit mobile version