Site iconSite icon Janayugom Online

യുഎൻ ഏജൻസിക്ക് 2.5 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് പാലസ്തീൻ

കിഴക്കന്‍ ഫലസ്തീനിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട സഭയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ 2.5 മില്യണ്‍ ധനസഹായത്തിന്റെ രണ്ടാം ഗഡു നല്‍കിയ ഇന്ത്യയ്ക്ക് തങ്ങളുടെ അഗാധമായ നന്ദി രേഖപ്പെടുത്തി ഫലസ്തീന്‍.

ദുരിതാശ്വാസ നിധിയിലേക്കുള്ള 2.5 മില്യണ്‍ ധനസഹായത്തിലെ രണ്ടാം ഗഡു പുറത്ത് വിട്ടതിന് ഇന്ത്യന്‍ സര്‍ക്കാരിന് ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഫലസ്തീന്‍ എംബസ്സി പ്രസ്താവനയിലൂടെ അറിയിച്ചു.

മാനുഷിക സഹായത്തിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയും എംബസ്സി അഭിനന്ദിച്ചു.

ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞ,ഫലസ്തീന്‍ എംബസ്സിയുടെ ചുമതലയുള്ള അബേദ് എല്‍റാസേഗ് അബു ജാസര്‍ 1949ല്‍ സ്ഥാപിതമായ യുഎന്‍ആര്‍ഡബ്ലിയുഎയുടെ മാന്‍ഡേറ്റിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണയുടെ സാക്ഷ്യമാണിതെന്നും പറഞ്ഞു.

യുഎന്‍ആര്‍ഡബ്ലിയുഎയെ തുരങ്കം വയ്ക്കാനും ഫലസ്തീന്‍ മേഖലകളില്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുമുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണ് ഈ സാമ്പത്തിക സഹായമെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധി ഓഫീസ് തിങ്കളാഴ്ച 2.5 മില്യണ്‍ ധനസഹായം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം,ആരോഗ്യം,ദുരിതാശ്വാസം,ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള സാമൂഹിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പദ്ധതികള്‍ക്കും സേവനങ്ങള്‍ക്കുമായി ഇന്ത്യ നാളിതുവരെ 40 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കിയിട്ടുണ്ട്.

Exit mobile version