പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധിപറഞ്ഞത് . ബാക്കി നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും ശിക്ഷ. വിചാരണ നേരിട്ട 24 പ്രതികളിൽ 14 പേർ കുറ്റം ചെയ്തതായി എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
ഒന്നു മുതൽ എട്ടുവരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ (അബു), ഗിജിൻ, ആർ ശ്രീരാഗ് (കുട്ടു), എ അശ്വിൻ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ജീവപര്യന്തം. 14ാം പ്രതി കെ. മണികണ്ഠൻ, 20ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. വിചാരണ നേരിട്ട എല്ലാവരും സിപിഐ (എം) പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ്. 2019 ഫെബ്രുവരി 17 നു രാത്രി 7.45നായിരുന്നു കൊലപാതകം.