Site iconSite icon Janayugom Online

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി; ബിജെപി നേതാവ് കൈക്കൂലി വാങ്ങി

സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നൽകിയ സംഭവത്തിൽ ബിജെപി നേതാവ് എംടി രമേശിനെതിരെ ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി എ കെ നസീർ. 9 കോടി രൂപ രമേശ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും നസീര്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു എ കെ നസീര്‍.

പാലക്കാട് ചെര്‍പ്പുളശേരിയിലുളള സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് എംടി രമേശ് കോഴ വാങ്ങിയെന്നാണ് നസീറിന്റെ ആരോപണം. കോഴക്കാര്യം മുന്‍ സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിളളയടക്കം നേരിട്ട് മനസിലാക്കിയിട്ടും നടപടിയുണ്ടായില്ല. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് സംസ്ഥാന സമിതി അംഗമായിരുന്ന ആര്‍ എസ് വിനോദ് കോഴ വാങ്ങിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് എംടി രമേശ് കോഴ വാങ്ങിയതിനെ കുറിച്ചുളള ആദ്യ സൂചനകള്‍ കിട്ടിയത്. പക്ഷേ കോഴ വാങ്ങിയവര്‍ക്കെതിരെയല്ല അത് അന്വേഷിച്ചു കണ്ടെത്തിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പിന്നീട് നീങ്ങിയതെന്നും നസീര്‍ ആരോപിക്കുന്നു. കേസില്‍ ഇനിയും അന്വേഷണം ഉണ്ടായാല്‍ കോഴയുടെ തെളിവുകളടക്കം കൈമാറുമെന്നും നസീര്‍ അവകാശപ്പെട്ടു.

Exit mobile version