Site iconSite icon Janayugom Online

ആരാധനാലയ നിയമം: ഹര്‍ജി ഇന്ന് പരിഗണിക്കും

ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും വാദം കേള്‍ക്കുക.

രാജ്യം സ്വതന്ത്രമായപ്പോള്‍ ആരാധനലായങ്ങളുടെ സ്വഭാവം എന്താണോ അതേപടി നിലനിര്‍ത്തണമെന്നാണ് 1991ലെ ആരാധനാലയ നിയമം അനുശാസിക്കുന്നത്. ഒരു ആരാധനാലയത്തിന്റെ മതസ്വഭാവം ഉറപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു. കൂടാതെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമവ്യവസ്ഥയെയും വിഷയത്തില്‍ പുതിയ ഹര്‍ജികള്‍ പരിഗണിക്കാത്ത കോടതി തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.

തര്‍ക്ക വിഷയങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിന് ഈ നിയമം തടസമാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിക്കാരനായ നിതിന്‍ ഉപധ്യായ പറയുന്നു. ആരാധനാലയങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്താതെ അവയുടെ മതപരമായ സ്വഭാവം നിലനിര്‍ത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ സ്ഥലത്തിന്റെ യഥാര്‍ത്ഥ മതപരമായ സ്വഭാവം പുനഃസ്ഥാപിക്കുന്നതിന് ഘടനാപരമായ മാറ്റം ആവശ്യമാണെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. 

Exit mobile version