സിപിഐ (എം) വനിതാ നേതാക്കളെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനയിൽ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി എസ് സുജാത നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മിഷനുമാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണറോട് ഡിജിപി നിർദേശിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ കമ്മിഷണർ കേസെടുക്കാൻ കന്റോൺമെന്റ് എസ്‌എച്ച്‌ഒയോട് ആവശ്യപ്പെടുകയായിരുന്നു.
സ്ത്രീകളെ ശാരീരികമായി വർണിച്ച് ലൈംഗിക ചുവയോടെ അവഹേളിക്കുന്ന സുരേന്ദ്രന്റെ പ്രസ്താവന കേവലം മാർകസിസ്റ്റ് പാർട്ടിയിലെ സ്ത്രീകൾ എന്നതിനപ്പുറം സ്ത്രീകളെ പൊതുവിൽ അപമാനിക്കുന്നതാണ്. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും സൈബർ നിയമ പ്രകാരവുമുള്ള ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ സി എസ് സുജാത ആവശ്യപ്പെട്ടിരുന്നു.
English Sammury: Anti-women statement: Police registered a case against K Surendran