സംസ്ഥാനത്താകെ കോവിഡ് വ്യാപനം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളജുകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചേക്കും. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 204 ശതമാനം വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളജുകളില്‍ പഠനം ഓൺലൈനാക്കുന്ന കാര്യം പരിശോധിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. നാളെ ചേരുന്ന കോവിഡ് അവലോകന സമിതിയുടെ നിർദേശംകൂടി പരിഗണിച്ചാവും അന്തിമ തീരുമാനം.
ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
സ്കൂളുകള്‍ ഭാഗികമായി അടയ്ക്കുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകള്‍ക്ക് ഈ മാസം 21 മുതല്‍ രണ്ടാഴ്ച ഓൺലൈൻ സംവിധാനത്തിലൂടെയായിരിക്കും ക്ലാസുകള്‍. ഫെബ്രുവരി രണ്ടാം വാരം ഇത് തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ സ്കൂള്‍ മേധാവികള്‍ക്ക് അധികാരം നൽകുകയും ചെയ്തിരുന്നു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും സാധ്യതയുണ്ട്.
വ്യാപനം കുതിക്കുന്നു;28,481 പേര്‍ക്ക് കോവിഡ് ‚തിരുവനന്തപുരത്ത് ടിപിആർ 48 ശതമാനം
സംസ്ഥാനത്ത് ഇന്നലെ 28,481 പേര്‍ക്ക് കോവിഡ്. 80,740 സാമ്പിളുകളാണ് പരിശോധിച്ചത്. 35.27 ശതമാനമാണ് ടിപിആര്‍. തിരുവനന്തപുരത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുകയാണ്. ഇന്നലെ 6911 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ നിരക്ക് 48 ശതമാനമായി ഉയർന്ന സാഹചര്യത്തില്‍ ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ആശുപത്രികളും കോളജുകളും ഉൾപ്പെടെ തിരുവനന്തപുരത്ത് നിലവിൽ 35 കോവിഡ് ക്ലസ്റ്ററുകളാണുള്ളത്.
എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087 ജില്ലകളിലും പ്രതിദിന രോഗബാധ ഉയര്‍ന്ന നിലയിലാണ്. സംസ്ഥാനത്ത് 1,42,512 പേര്‍ ചികിത്സയിലുണ്ട്. ആകെ മരണം 51,026 ആയി.
63 പേർക്ക് കൂടി ഒമിക്രോൺ തലസ്ഥാനത്ത് സ്വകാര്യ കോളജ് ഒമിക്രോണ്‍ ക്ലസ്റ്റര്‍
സംസ്ഥാനത്ത് 63 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തൃശൂർ 15,തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം എട്ട്, മലപ്പുറം നാല്, ഇടുക്കി മൂന്ന്, പാലക്കാട് രണ്ട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ആറ് പേർ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളാണ്. ടൂർ പോയി വന്നശേഷം കോവിഡ് ക്ലസ്റ്റർ ആയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളജ് ഒമിക്രോൺ ക്ലസ്റ്ററായിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 591 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
രാജ്യത്ത് 2.38 ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,38,018 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 310 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ ഏഴ് ശതമാനം കുറവാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ 5.22 ശതമാനവും കുറവ് രേഖപ്പെടുത്തി. ഡൽഹി, മഹാരാഷ്ട്ര, ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളില്‍ കുറവുണ്ടായി.
ഒമിക്രോൺ അവസാന വകഭേദമല്ല: ഫൗചി
ന്യൂഡൽഹി: കോവിഡ് അവസാനിച്ചിട്ടില്ലെന്നും ഒമിക്രോൺ അവസാന വകഭേദഭമല്ലെന്നും മുന്നറിയിപ്പ് നൽകി ആഗോള ആരോഗ്യ വിദഗ്ധർ. പുതിയ വകഭേദം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണെങ്കിലും ആളുകൾ എന്നെന്നേക്കുമായി മുഖംമൂടി ധരിച്ച് നടക്കേണ്ടിവരുമെന്ന് കരുതുന്നില്ലെന്ന് അമേരിക്കൻ ഇമ്മ്യൂണോളജിസ്റ്റ് ഡോ. ആന്റണി എസ് ഫൗചി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഓൺലൈൻ ഉച്ചകോടിയുടെ ആദ്യ ദിവസം കോവിഡിനെ കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോൺ വളരെ വേഗം വ്യാപനം ചെയ്യപ്പെടുന്നു. പക്ഷേ പ്രത്യക്ഷത്തിൽ അത്ര അപകടകാരിയല്ല. അത് അങ്ങനെ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തുടർന്ന് വരാവുന്ന പുതിയ വകഭേദങ്ങളുടെ സ്വഭാവം പ്രവചിക്കാനാകില്ല‑അദ്ദേഹം പറഞ്ഞു.
english summary;possibility of closing collages in kerala due to covid expansion
you may also like this video;