Site iconSite icon Janayugom Online

പ്രേംകുമാറിന് അടച്ചുറപ്പുള്ള വീടൊരുക്കുന്നു

നഗരസഭ ശുചീകരണ തൊഴിലാളിയായിരിക്കെ മരണമടഞ്ഞ കറുകയില്‍ വാര്‍ഡില്‍ പ്രേം കുമാറിന്‍റെ വീടെന്ന സ്വപ്നം നഗരസഭ സാക്ഷാത്കരിക്കുന്നു.കല്ലിടല്‍ കര്‍മ്മം നഗരസഭാധ്യക്ഷ കെകെ ജയമ്മ നിര്‍വ്വഹിച്ചു.നഗരസഭയില്‍ കഴിഞ്ഞ വര്‍ഷം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തിരം ശുചീകരണ വിഭാഗം തൊഴിലാളിയായി ജോലിയില്‍ പ്രവേശിക്കുകയും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന വേളയില്‍ ഫെബ്രുവരി മാസത്തില്‍ പനി ബാധിതനായി പ്രേംകുമാര്‍ മരണപ്പെടുകയായിരുന്നു.പൂജ, പ്രാര്‍ത്ഥന എന്ന രണ്ട് പെണ്‍മക്കളും, സരിതയെന്ന ഭാര്യയും, ക്യാന്‍സര്‍ ബാധിതനായ അച്ഛനും, അമ്മയും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു പ്രേംകുമാര്‍.താല്‍ക്കാലിക ജീവനക്കാരന്‍ ആയതിനാല്‍ തൊഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രേമിന്‍റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി അടച്ചുറപ്പുള്ള ഒരു വീട് എന്ന പ്രേമിന്‍റെ ആഗ്രഹം സഫലമാക്കുകയാണ് നഗരസഭ.പൊതു പണമോ, പുറമെ നിന്നുള്ള പിരിവോ ഒന്നുമില്ലാതെ ജനപ്രതിനിധികളും, നഗരസഭ ജീവനക്കാരും, സഹ തൊഴിലാളികളും, ഹരിതകര്‍മ്മസേനാംഗങ്ങളും ചേര്‍ന്ന് പണം സ്വരൂപിച്ച് ഏകദേശം 10 ലക്ഷം രൂപ ചിലവ് വരുന്ന രീതിയിലാണ് വീട് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. വീടിന്‍റെ പ്ലാനും നിര്‍മ്മാണ ചുമതലയും ജാഫില്‍ അസോസിയേറ്റ്സ് ഉടമ ജഫിന്‍ ആണ് സേവന മനോഭാവത്തോടെ ഏറ്റെടുത്തിട്ടുള്ളത്.

ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ , പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എംആര്‍ പ്രേം, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എഎസ് കവിത, സെക്രട്ടറി എഎം മുംതാസ്, സൂപ്രണ്ട് അനില്‍ കുമാര്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍, തൊഴിലാളികള്‍, പ്രേംകുമാറിന്‍റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Exit mobile version