Site iconSite icon Janayugom Online

മുതുകുളത്തും സമീപ പ്രദേശത്തും കാട്ടുപന്നിയുടെ സാന്നിധ്യം

മുതുകുളത്തും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിയുടെ സാന്നിധ്യം. ജനങ്ങള്‍ ഭീതിയിൽ. കഴിഞ്ഞ ദിവസം രാത്രി വാരണപ്പള്ളി, ഫ്‌ളവർ മുക്ക്, കൊട്ടാരം സ്‌കൂൾ തുടങ്ങിയ ഭാഗങ്ങളിൽ കാട്ടുപന്നിയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. കാട്ടുപന്നി പോകുന്ന ചിത്രങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ആദ്യമായാണ് മുതുകുളത്ത് കാട്ടുപന്നിയെത്തുന്നത്. ഇതു കാരണം ജനം പരിഭ്രാന്തിയിലാണ്. ചൊവ്വാഴ്ച സമീപ പഞ്ചായത്തായ കണ്ടല്ലൂർ പുല്ലുകുളങ്ങരയ്ക്ക് വടക്കുഭാഗത്തുളള വീടിന്റെ മുൻഭാഗത്തെ ചെറിയ ഗ്രില്ല് തകർത്തു കാട്ടുപന്നി വീടിനുളളിൽ കയറിയിരുന്നു. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. വേലഞ്ചിറ പടിഞ്ഞാറു ഭാഗത്തുവെച്ച് സൈക്കിൾ യാത്രക്കാരനു നേരെയും പാഞ്ഞടുത്തു. ഭീഷണിയായ ഈ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കിയിരുന്നു. 

കണ്ടല്ലൂരിൽ അക്രമം കാട്ടിയ പന്നിയാണോ മുതുകുളത്തെത്തിയതെന്ന് സംശയമുണ്ട്. പല ഭാഗത്തും പന്നികളെ കണ്ടതിനാൽ ഒന്നിൽക്കൂടുതൽ പന്നിയുളളതായും സംശയിക്കുന്നുണ്ട്. കാട്ടുപന്നിയെ ഇല്ലായ്മചെയ്യാൻ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Exit mobile version