Site iconSite icon Janayugom Online

വില കുതിക്കുന്നു

രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുന്നു. സെപ്റ്റംബര്‍ മാസത്തില്‍ മൊത്തവില പണപ്പെരുപ്പത്തിന്റെ തോത് 1.84 ശതമാനം കണ്ട് ഉയര്‍ന്നു. ചില്ലറവില പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.65 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറിൽ 5.49 ശതമാനമായും കൂടി. ജനജീവിതം ദുസഹമാക്കി ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം സര്‍വകാല റെക്കോഡും ഭേദിച്ച് മുന്നേറുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബറില്‍ മൊത്ത വില സൂചിക 1.92 ശതമാനം വരെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധരും റോയിട്ടേഴ്സും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓഗസ്റ്റിലെ 1.31 ശതമാനത്തേക്കാള്‍ ഉയരില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ സൂചിക 1.84 ലേക്ക് കുതിച്ചുയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഓഗസ്റ്റില്‍ 3.26 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ എത്തിയപ്പോള്‍ 9.5 ശതമാനമായി വര്‍ധിച്ചു. പച്ചക്കറി വിലയിലും രൂക്ഷമായ വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 38.7 ശതമാനമായിരുന്നത് സെപ്റ്റംബറില്‍ 48.7 ആയി ഉയര്‍ന്നു.

ധാന്യവിലയിലും സമാന രീതിയില്‍ വിലക്കയറ്റം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 8.1 ആയിരുന്നത് ഈ വര്‍ഷം 8. 4 ശതമാനമായി വര്‍ധിച്ചു. നിര്‍മ്മാണ ഉല്പന്നങ്ങളുടെ വില ഒരു ശതമാനത്തില്‍ 1.2 ആയി ഉയര്‍ന്നു. മൊത്തത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം സെപ്റ്റംബറില്‍ 9.47 ശതമാനം കണ്ടാണ് കുതിച്ചുയര്‍ന്നത്. ജൂലൈയിലും ഓഗസ്റ്റിലും ഇതിന്റെ നിരക്ക് യഥാക്രമം 3.26 ഉം 3.55 മായിരുന്നു. 

തക്കാളി, ഉരുളക്കിഴങ്ങ്, സവാള എന്നിവയുടെ വില വൻതോതിൽ വർധിക്കുന്നത് വെല്ലുവിളിയാണ്. ഉള്ളിക്ക് 78.82 ശതമാനവും ഉരുളക്കിഴങ്ങിന് 78.13 ശതമാനവും വിലക്കയറ്റം രേഖപ്പെടുത്തി. സെപ്റ്റംബറിൽ വെജിറ്റേറിയന്‍ താലിയുടെ വില 11ശതമാനം കൂടിയെന്ന് റേറ്റിങ് ഏജൻസിയായ ക്രിസില്‍ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 5.02 ശതമാനമായിരുന്നു. ചില്ലറ വിലസൂചികയില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.66 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 9.24 ശതമാനമായും മുൻ വർഷം 6.62 ശതമാനമായും ഉയർന്നു. റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്കരിക്കാൻ പ്രധാനമായും വിലയിരുത്തുന്നത് ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പമാണ്. റിസർവ് ബാങ്ക് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറായേക്കില്ല. ഇത് ബാങ്ക് വായ്പകളുടെ പലിശഭാരം കുറയാനും തടസമാകും. 

Exit mobile version