Site icon Janayugom Online

ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

governor

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തം. ഇല്ലാത്ത അധികാരങ്ങള്‍ പറഞ്ഞ് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്താനും അതുവഴി ആര്‍എസ്എസിന്റെ പ്രീതിക്ക് പാത്രമാകാനുമുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയ കക്ഷി ഭേദമന്യെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മാത്രമല്ല, യുഡിഎഫിലെ വിവിധ കക്ഷികളും കോണ്‍ഗ്രസിലെ തന്നെ നേതാക്കളും നടപടികള്‍ക്കെതിരെ രംഗത്തുവന്നത് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായ അമിതാധികാര പ്രയോഗവും നാഗ്പുര്‍ വിധേയത്വവും വ്യക്തമാക്കുന്നു.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍, ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. സിപിഐ, സിപിഐ(എം) ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും യുവജന‑വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലുമായി സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടന്നു. എല്‍ഡിഎഫ് ആഹ്വാനപ്രകാരം ഇന്നും പ്രതിഷേധം തുടരും. എഐവൈഎഫ് ഇന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ ബദലിനെ അസഹിഷ്‌ണുതയോടെ കാണുന്നവർ പലവിധ പിപ്പിടിവിദ്യകളുമായി കടന്നുവരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ അത്തരം വിദ്യകൾ കൈയിൽതന്നെ വച്ചാൽ മതിയെന്ന്‌ ദ്വിദിന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം ഓർമ്മിപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ ശാക്തീകരണമെന്ന സംസ്ഥാന സർക്കാരിന്റെ വലിയ ലക്ഷ്യം സമയോചിതമായി നടപ്പാക്കുന്നതാണ്‌ സര്‍ക്കാരിന്റെ രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് തടയിടാന്‍ വിവിധ കേന്ദ്രങ്ങളിൽ നിന്ന്‌ പലവിധ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്‌. എന്നാൽ അത്തരം ശ്രമങ്ങൾ കണ്ട്‌ ഭയന്നോടുകയോ തിരിഞ്ഞുനടക്കുകയോ ചെയ്യില്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഗുണമേന്മയും വലിയ പുരോഗതിയും സൃഷ്‌ടിക്കാനുള്ള സർക്കാരിന്റെ ഇടപെടലുകൾക്ക്‌ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ആക്ഷേപങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും രംഗത്തെത്തി.

ലക്ഷ്മണരേഖകള്‍ ലംഘിച്ചില്ലായിരുന്നുവെങ്കില്‍ താനിപ്പോഴും വീടിനകത്ത് ഇരിക്കേണ്ടിവരുമായിരുന്നുവെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. 35 കൊല്ലമായി പൊതുപ്രവർത്തനം നടത്തുന്നുണ്ട്. നിരവധി പേർ ആക്ഷേപിച്ചിട്ടുണ്ട്. അതൊന്നും ഒരു പ്രശ്നമേയല്ല. ഗവർണറെ പോലെ മുതിർന്നൊരാൾ പറയുമ്പോൾ അതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും അവർ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലാനുസാരിയായി പരിഷ്കരിക്കാനും മികവുറ്റതാക്കാനുമുള്ള സന്ദർഭമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നത്. എല്ലാവരും ഇതിനൊപ്പമുണ്ടാകണം. വിസിമാരുടെ രാജിക്കാര്യത്തിൽ കോടതി അഭിപ്രായം പറഞ്ഞിട്ടുണ്ട്. തർക്കങ്ങളിൽ അഭിരമിക്കാൻ തല്ക്കാലം ഇവിടെ സമയമില്ല. എങ്ങനെ മുന്നോട്ടു പോകണമെന്ന കാര്യം എല്ലാവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് വിസിമാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: രാജിവയ്ക്കണമെന്ന ആവശ്യം തള്ളിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് സര്‍വകലാശാല വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവര്‍ക്കാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നവംബര്‍ നാലിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജി വയ്ക്കണമെന്ന ആവശ്യം നിരസിച്ച ഒമ്പത് വിസിമാര്‍ക്ക് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്നാണ് വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Eng­lish Sum­ma­ry: Protest against Gov­er­nor Arif Muham­mad Khan
You may also like this video

Exit mobile version