Site icon Janayugom Online

പിഎസ്‌സി റാങ്ക് ലിസ്റ്റ് പുതുക്കും; ഒഴിവിന് ആനുപാതികമായി ലിസ്റ്റ് തയാറാക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എച്ച്. സലാം എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളെക്കാൾ മൂന്നു മുതൽ അഞ്ചു വരെ ഇരട്ടി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് പിഎസ്സി റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് സംവരണതത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽനിന്ന് പിഎസ്‌സി നിയമന ശുപാർശകൾ നൽകുന്നത്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭ്യമാകുകയില്ല. എന്നാൽ, കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുകയെന്നതാണ് സർക്കാർ നയം. ഇതിനായി ഒഴിവുകൾ കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യാൻ എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദേശം നൽകിവരുന്നുണ്ട്.

റാങ്ക് ലിസ്റ്റിൽ പ്രതീക്ഷിത ഒഴിവുകളേക്കാൾ വളരെയധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നത് ചില ചൂഷണങ്ങളും അനഭിലഷണീയ പ്രവണതകൾക്കും വഴിവെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് ഒഴിവിന് ആനുപാതികമായി സംവരണതത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

പിഎസ്‌സി നിയമനം സംബന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകൾ, ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകൾ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish sum­ma­ry: PSC ranklist updates

You may also like this video:

Exit mobile version