Site iconSite icon Janayugom Online

നിലമ്പൂരിൽ പി വി അൻവർ മത്സരിച്ചേക്കും ; തൃണമൂൽ യോഗത്തിൽ ധാരണയായി

യുഡിഎഫിലെ ഘടകകക്ഷിയാക്കുവാൻ വീണ്ടും സമ്മർദവുമായി പി വി അൻവർ. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അൻവറിനെ മത്സരിപ്പിക്കുവാൻ ധാരണയായി. യുഡിഎഫിൽ അസോയിറ്റഡ് അംഗത്വമല്ല, മറിച്ച് പൂർണ അംഗത്വം നൽകി തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ ഉൾപ്പെടുത്തിയാൽ മാത്രമേ സ്ഥാനാർത്ഥിത്വം എന്ന നിലപാടിൽ നിന്ന് പിന്മാറേണ്ടതുള്ളൂവെന്നും യോഗത്തിൽ തീരുമാനിച്ചു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി വി അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു.

യുഡിഎഫിലെ ചിലയാളുകള്‍ക്ക് ദുഷ്ടചിന്തകളുണ്ടെന്ന് ബോധ്യപ്പെട്ടുവെന്ന് അൻവർ പറഞ്ഞു. ഇനി അബദ്ധത്തില്‍ ചാടരുതെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുധാരണ. യുഡിഎഫിലെ ചില ആളുകളില്‍ അവിശ്വാസ്യത അനുഭവപ്പെട്ടിട്ടുണ്ട്. ഒളിച്ചിരുന്നുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സ്വകാര്യതയില്‍ ഇതുവരെ ചര്‍ച്ചചെയ്തു. അതിലെ വിശ്വാസം നഷ്ടപ്പെട്ടു. അതിനാല്‍ പൊതുവായുള്ള ചര്‍ച്ചയേ ഇനിയുള്ളൂവെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരിൽ താൻ യുഡിഎഫിനെ പിന്തുണക്കുകയും എന്നിട്ടും ആര്യാടൻ ഷൗക്കത്ത് തോൽക്കുകയും ചെയ്താൽ താൻ കാല് വാരിയെന്നാവും എല്ലാവരും പറയുന്നത്. അങ്ങനെ വരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി തോൽക്കുമെന്ന് ഇപ്പോഴേ പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലേ. നിലമ്പൂരിൽ താൻ രാജിവച്ച് യുഡ‍ിഎഫിന് ഒരു അവസരം നൽകുകയായിരുന്നു. യുഡിഎഫിൽ അംഗം ആക്കിയിരുന്നെങ്കിൽ സ്ഥാനാർത്ഥി ആരാണെങ്കിലും താൻ പിന്തുണച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version