Site iconSite icon Janayugom Online

നിലമ്പൂർ സീറ്റിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ പി വി അൻവർ; കോൺഗ്രസ് ക്യാമ്പിൽ ആശങ്ക

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെതിരെ അൻവറിന്റെ പടയൊരുക്കം ശക്തം. കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിം ലീഗ് നേതൃത്വവും ഷൗക്കത്തിനെതിരെ രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്ത്‌ നിലമ്പൂരിൽ യുഡിഎഫ്‌ സ്ഥാനാർത്ഥിയാകുന്നത് തടയാൻ അൻവർ പരസ്യമായി രംഗത്തുണ്ട്. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിന് വലിയ തടസം ആര്യാടൻ ഷൗക്കത്ത് വിഭാഗമായിരുന്നു. ആര്യാടന്റെ വീടിന് മുന്നിൽ തന്നെ തൃണമൂൽ ഓഫിസ് പ്രവർത്തനമാരംഭിച്ചതും ഈ പോരിന്റെ ഭാഗമായാണ്. കോൺഗ്രസിനെ തകർത്ത് അണികളെ അൻവർ പക്ഷത്തേക്ക് മാറ്റുമെന്നാണ് ഷൗക്കത്ത് വിഭാഗം കോൺഗ്രസ്‌ നേതൃത്വത്തെ അറിയിച്ചത്.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അൻവറിനെ പിണക്കിയാൽ തിരിച്ചടിയാകുമെന്ന ഭയവും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. അങ്ങനെ വന്നാൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യതകളേറും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. നിലമ്പൂരിൽ ജൂൺ 19 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കും. സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. രണ്ട് സര്‍വേകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയത്. ഈ സര്‍വേകളിലും വി എസ് ജോയിക്ക് മുന്‍തൂക്കം ലഭിച്ചുവെന്നാണ് സൂചനകൾ. നിലമ്പൂരില്‍ 34 വര്‍ഷം എംഎല്‍എയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമാണ് ആര്യാടന്‍ ഷൗക്കത്ത്. എന്നാൽ രാഷ്ട്രീയത്തിനപ്പുറത്ത് സാംസ്‌ക്കാരിക രംഗത്തുമുള്ള ഷൗക്കത്തിന്റെ ബന്ധം ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സാമുദായിക സമവാക്യമാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെങ്കിൽ ഷൗക്കത്തിന് നറുക്ക് വീണേക്കും. 

Exit mobile version