Site icon Janayugom Online

വിബ്രിയോ കോളറയുടെ സാന്നിദ്ധ്യം: ചര്‍ച്ചകള്‍ ഫലപ്രദം, ഇന്ത്യന്‍ സമുദ്രോല്പന്നങ്ങൾക്കുള്ള വിലക്ക് ഖത്തർ നീക്കി

ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോല്പന്നങ്ങൾക്കുള്ള വിലക്ക് ഖത്തർ നീക്കി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പൂർവാധികം മെച്ചമായി തുടരാൻ കളമൊരുങ്ങി. 

ഫിഫ ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോല്പന്നങ്ങളുടെ ചില സാമ്പിളുകളിൽ വിബ്രിയോ കോളറയുടെ അംശം കണ്ടെത്തിയത്. ഇത് കണക്കിലെടുത്ത് വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ഖത്തർ ഇന്ത്യയെ അറിയിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ തിരക്കിലായതിനാൽ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങൾ ഒരുക്കാനാകാത്തതു കൊണ്ടാണിതെന്നും അറിയിച്ചിരുന്നു.
ഖത്തറിലെ ഇന്ത്യൻ എംബസി വഴി കേന്ദ്രവാണിജ്യ മന്ത്രാലയം ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലായിരുന്നു. ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് വിലക്ക് നീക്കാൻ തീരുമാനമായത്. എന്നാൽ തണുപ്പിച്ച സമുദ്രോത്പന്നങ്ങൾക്കുള്ള വിലക്ക് തുടരുമെന്നും അറിയിച്ചിട്ടുണ്ട്. 

ഖത്തറിലേതിന് പുറമെ 99 സമുദ്രോല്പന്ന സംസ്ക്കരണ കേന്ദ്രങ്ങൾക്ക് ചൈനയിലേക്കുണ്ടായിരുന്ന താത്കാലിക വിലക്കും കഴിഞ്ഞ ദിവസം നീങ്ങിയ സാഹചര്യത്തിൽ സമുദ്രോത്പന്നകയറ്റുമതിയിൽ ഇത് ശുഭസൂചകമായ വാരമാണെന്ന് എംപിഇഡിഎ ചെയർമാൻ ഡി വി സ്വാമി പറഞ്ഞു. തണുപ്പിച്ച സമുദ്രോത്പന്നങ്ങൾക്കുള്ള വിലക്കും പരിശോധനകൾക്ക് ശേഷം ഉടൻ തന്നെ നീക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 99 സമുദ്രോല്പന്ന സംസ്ക്കരണ സ്ഥാപനങ്ങൾക്കുള്ള താത്കാലിക വിലക്ക് ചൈന ഈ മാസം 14 ന് നീക്കിയിരുന്നു. 

Eng­lish Sum­ma­ry: Qatar lifts ban on Indi­an seafood

You may also like this video

Exit mobile version