Site iconSite icon Janayugom Online

കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് കൊടും ക്രൂരത; കുറ്റപത്രംഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും

കോട്ടയം ഗവൺമെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് കൊടും ക്രൂരതയെന്ന് പൊലീസ്. കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.
ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങളുമുണ്ടായിരുന്നു.

45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഗാന്ധിനഗര്‍ പൊലീസ് 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരിത്തോട് സ്വദേശി വിവേക് എന്നിവരാണ് കേസില്‍ പ്രതികള്‍. കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരതയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് കാണിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാനകാര്യം.

അധ്യാപകരെയോ ഹോസ്റ്റല്‍ വാര്‍ഡനെയോ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. ഇരകളായ ആറ് പേരും കേസില്‍ സാക്ഷികളാണ്. വിദ്യാര്‍ത്ഥികള്‍ പകര്‍ത്തി സൂക്ഷിച്ച വീഡിയോ തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവ്. പ്രതികള്‍ ജാമ്യാപേക്ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. നിലവില്‍ ഇവര്‍ റിമാന്‍ഡിലാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും.

Exit mobile version