തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. വി വി രാജേഷിനെ തള്ളി ആർ ശ്രീലേഖയെ മേയറാക്കാനായിരുന്നു രാജീവ് ചന്ദ്രശേഖർ വിഭാഗത്തിന്റെ നീക്കം. എന്നാൽ ആർ എസ് എസ് കാർമികത്വത്തിൽ രാജീവ് ചന്ദ്രശേഖറിനെ തള്ളി വി വി രാജേഷിനെ മേയർ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ആർ ശ്രീലേഖയെ ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക് പോലും പരിഗണിച്ചില്ല.
ആശാനാഥിനെയാണ് ബിജെപി ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ആർ ശ്രീലേഖ, വി വി രാജേഷ് എന്നിവരുടെ പേരുകളാണ് മേയർസ്ഥാനത്തേക്ക് അവസാന നിമിഷങ്ങളിൽ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ, ആർഎസ്എസിന്റെ പിന്തുണ വി വി രാജേഷിന് ലഭിച്ചതോടെ അദ്ദേഹത്തിന് മുൻതൂക്കം ലഭിക്കുകയായിരുന്നു. ഇതിനിടെ, ബിജെപി സംസ്ഥാന നേതൃത്വം ആർ ശ്രീലേഖയുമായി ചർച്ച നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരാണ് ശ്രീലേഖയുമായി ചർച്ച നടത്തിയത്.

