രാമലക്ഷ്മണന്മാരുടെ ഒന്നാം വനയാത്രയിൽ അവരാൽ ചെയ്യപ്പെട്ട ഒരു നീചകർമ്മമാണ് താടക എന്ന യക്ഷനാരിയുടെ വധം. സ്ത്രീയെ കൊല്ലുന്നത് അധർമ്മമാണ് എന്ന ചിന്ത അക്കാലത്തും ഉണ്ടായിരുന്നു. അത്തരം ധർമ്മചിന്താ ശങ്കകൂടാതെ താടകയെ വധിക്കാനാണ് രാമലക്ഷ്മണന്മാരോട് വിശ്വാമിത്ര മഹർഷി ആജ്ഞാപിക്കുന്നത്. തന്നെ ദശരഥനെന്ന പിതാവ്, ലക്ഷ്മണ സമേതനായി വിശ്വാമിത്ര മഹർഷിയോടൊപ്പം കാട്ടിലേക്ക് അയച്ചിരിക്കുന്നത് മഹർഷി പറയുന്നതെന്തും അക്ഷരം പ്രതി അനുസരിക്കാനാണെന്നതിനാൽ താടകയെ കൊല്ലുന്നതിൽ ധർമ്മാധർമ്മ സന്ദേഹങ്ങൾ വേണ്ടതില്ല എന്നാണ് രാമന്യായം. ഈ ന്യായം എല്ലാ ക്വട്ടേഷൻ ഗുണ്ടകളുടേയും ന്യായമാണ്. പണം നൽകി ആര് ആരെ കൊല്ലാനും കാലോകയ്യോ വെട്ടാനും പറഞ്ഞാൽ മുൻപിൻ വിചാരമില്ലാതെ ആജ്ഞയനുസരിച്ചു പ്രവർത്തിക്കുന്നവരാണല്ലോ ക്വട്ടേഷൻ ഗുണ്ടകൾ. വിവേകശൂന്യമായ ഇത്തരം കൊടുംചെയ്തികളുടെ സംസ്കാരത്തിന്റെ പൂർവമാതൃകയും രാമായണത്തിലെ താടകാവധം പോലുള്ള സംഭവങ്ങളിൽ വായിച്ചെടുക്കാം.
ഇതൂകൂടി വായിക്കൂ; അധ്യാത്മ രാമനും മാനവ രാമനും
വിശ്വാമിത്രാജ്ഞ അനുസരിക്കുന്നു എന്നതല്ലാതെ താടകയെ കൊല്ലുന്നതിന് തക്കതായ ഒരു ന്യായവും രാമനു പറയാനില്ല, ഒരു രാമായണത്തിലും എന്നത് ശ്രദ്ധേയമാണ്. അധ്യാത്മ രാമായണത്തിൽ രാമൻ ആരെ കൊന്നാലും അവരൊക്കെ മോക്ഷം നേടി എന്നാണ് ചിത്രീകരണം. ഏതു വധവും രാമൻ ചെയ്തതാണെങ്കിൽ അതു പവിത്രമായ മോക്ഷോപായമാണെന്ന ഭക്തിദർശനം നടുക്കമുണ്ടാക്കുംവിധം മാരകമായ ഒരു പ്രത്യയശാസ്ത്രമാണ്. എന്നാൽ വാല്മീകി രാമായണത്തിൽ രാമൻ ദൈവമല്ല എന്നതിനാൽ രാമൻ ആരെക്കൊന്നാലും കൊന്നു എന്നു തന്നെയാണ് എഴുതിയിട്ടുള്ളത്. വാല്മീകി രാമായണവും അധ്യാത്മ രാമായണവും തമ്മിലുള്ള വ്യത്യാസം ഇതിലൂടെയും മനസിലാക്കാം. പക്ഷേ ഈ രണ്ട് രാമായണത്തിലും രാവണൻ സീതയെ ബലാൽ അപഹരിച്ചു കൊണ്ടുപോയതിനാലാണ് രാവണനെ വധിച്ചത് എന്നതുപോലെ ഒരു കാരണവും താടകയെ കൊന്നതിന് പറയുന്നില്ല. വ്യക്തിപരമായ കാരണമില്ലാതെ മറ്റൊരാളുടെ ആജ്ഞയനുസരിച്ച്, ആര് ആരെ കൊന്നാലും അത് ക്വട്ടേഷൻ കൊലപാതകമാണ്. ഈ നിലയിൽ താടകാവധം ക്വട്ടേഷൻ കൊലപാതകമാണ്.
ഇതൂകൂടി വായിക്കൂ; പലരാമായണങ്ങളുണ്ടെന്നത് പകല്‍ പോലെ സത്യം
താടക, വനവാസികളായ താപസരെയും വഴിയാത്രികരെയും ഉപദ്രവിക്കുകയും കൊല്ലുകയും പതിവായിരുന്നുവെന്നും അതിനാലവൾ വധാർഹയായിരുന്നു എന്നുമാണ് വിശ്വാമിത്ര മഹർഷിയുടെ ന്യായം. ഈ ന്യായം ഭേദപ്പെട്ടതായി തോന്നാമെങ്കിലും ചില ചോദ്യങ്ങൾ നിശ്ചയമായും നേരിടേണ്ടതുണ്ട്. വിശ്വമിത്ര മഹർഷി അയോധ്യയിലേക്ക് രാമനെ കൂട്ടാൻ പോയത് താടകാഭയങ്കരി വാഴുന്ന കാനന പാതയിലൂടെ ആയിരുന്നോ? ആണെങ്കിൽ എന്തുകൊണ്ട് വിശ്വാമിത്രനെ താടക ആ യാത്രയിൽ ആക്രമിച്ചില്ല? ഇതിനുള്ള ഉത്തരം വാല്മീകി രാമായണം ഒരു സന്ദർഭത്തിലൂടെ നൽകുന്നുണ്ട്. . വിശ്വാമിത്രനോടു കൂടി വനത്തിൽ പ്രവേശിച്ച രാമലക്ഷ്മണന്മാരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന താടകയെ ഒരു ഹുങ്കാരം (അമർത്തി മൂളൽ)കൊണ്ടു തെല്ലിട വിശ്വാമിത്രൻ തടഞ്ഞു നിർത്തിയെന്നാണ് വിവരണം (വാല്മീകി രാമായണം; ബാലകാണ്ഡം; സർഗം26; ശ്ലോകം14). ഇവിടെ ഒരുകാര്യം വ്യക്തമാണ്, താടക വിശ്വാമിത്രനെപ്പോലെ തപോബലമുള്ളവരെ അക്രമിക്കാൻ ശങ്കിക്കാറുണ്ട്. ഇനി അക്രമിച്ചാലും തപോബലയുക്തരായ ഋഷിമാര്‍ അത് തടയും. അപ്പോൾ താടക ചെയ്തിരുന്നത് തന്നെക്കാൾ ദുർബലരായവരെ അക്രമിക്കലാണ്. ദുർബലരെ അക്രമിക്കുന്ന കിരാതശക്തികളെ ലിംഗഭേദമന്യേ അമർച്ച ചെയ്യേണ്ടത് ജനാധിപത്യ വ്യവസ്ഥയിൽ ആഭ്യന്തര വകുപ്പിന്റെ കടമയും രാജാധിപത്യ വ്യവസ്ഥയിൽ ക്ഷാത്രധർമ്മവും ആണ്. ആ ക്ഷാത്രധർമ്മ നിർവഹണമാണ് രാമൻ താടകാവധത്തിലൂടെ നടപ്പിൽ വരുത്തിയതെന്നു പറയാം.
ഇതൂകൂടി വായിക്കൂ; സീതാരാമന്മാരുടേത് മാതൃകാ ദാമ്പത്യമാണോ..?
ഇത്തരമൊരു ന്യായചിന്തയ്ക്കു വഴിതുറക്കാനുള്ള വാങ്മയങ്ങൾ രാമായണത്തിൽ ധ്വനിസമൃദ്ധിയോടെ വാല്മീകി എഴുതിയിട്ടുണ്ട് (ബാലകാണ്ഡം; സർഗം25; ശ്ലോകങ്ങൾ 17, 18, 19). ഇതിൽ പറയുന്നത് ‘ന്യശംസമന്യശംസം വാ പ്രജാ രക്ഷണ കാരണാദ്’ എന്നാണ്. എന്നുവച്ചാൽ സ്ത്രീവധമാകാമോ, വധം നിഷ്കരുണമാവില്ലേ, എന്നൊന്നും ചിന്തിക്കാതെ പ്രജാരക്ഷണാർത്ഥം രാക്ഷസീയ ശക്തികളെ അമർച്ചചെയ്യണം. ഇതിൽ നിന്നുരുത്തിരിയുന്നത് സ്ത്രീപുരുഷ ഭേദമന്യേ മുഴുവൻ പ്രജകളുടെയും പരിപാലനമാണ് സദ് ഭരണ രാജ്യനീതി എന്നാണ്. ജനാധിപത്യ വ്യവസ്ഥയിൽ പൗരപരിപാലനമാണ് സദ്ഭരണ രാജ്യനീതി എന്നു പരാവർത്തനം ചെയ്യാം. അതിവിടെ നടക്കുന്നില്ല. അതാണ് ഭാരതം ഗുജറാത്തിലൂടെയും മണിപ്പൂരിലൂടെയുമൊക്കെ കേഴുന്ന ഭാരതധരയായിരിക്കുന്നതിന്റെ മൂല കാരണം. പ്രജാ(പൗര) പരിപാലനമാകണം രാഷ്ട്രഭരണത്തിന്റെ വിട്ടുവീഴ്ച പാടില്ലാത്ത ഏകവും പരമവുമായ ധർമ്മം; മത ജാതി വംശീയതകളുടെ പരിപാലനം ആകരുത്. താടകയെ രാമൻ വധിച്ചത് അവൾ തനിക്ക് ദ്രോഹം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് പ്രജാദ്രോഹകാരിണിയാണോ അല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണെന്നു മനസിലാക്കണം.