4 May 2024, Saturday

സീതാരാമന്മാരുടേത് മാതൃകാ ദാമ്പത്യമാണോ..?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 5
July 21, 2023 7:30 am

നാരദ‑വാല്മീകി സംവാദമാണ് വാല്മീകി രാമായണമെങ്കില്‍, ഉമാ-മഹേശ്വര സംവാദമായാണ് അധ്യാത്മ രാമായണം അവതരിപ്പിക്കുന്നത്. ദൈവിക പരിവേഷമുളള പുരാണ വ്യക്തിത്വങ്ങളായ പാര്‍വതീപരമേശ്വര സംവാദ രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന അധ്യാത്മ രാമായണത്തിലെ ശ്രീരാമനും ദൈവതുല്യ ഗുണഗണങ്ങളോടെ അവതരിപ്പിക്കപ്പെട്ടു എന്നത് സ്വാഭാവികമാണ്. പാര്‍വതിയും പരമേശ്വരനും തമ്മില്‍ വാക്കും അര്‍ത്ഥവും പോലെ ചേര്‍ന്നിരിപ്പാണെന്നു കാളിദാസകവി എഴുതിവച്ചിട്ടുണ്ട്. എന്നാല്‍ സീതാരാമന്മാര്‍ തമ്മില്‍ പിണക്കവും വിരഹവും ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും വിവാഹ ജീവിതം നയിക്കുന്നവര്‍ പാര്‍വതീപരമേശ്വരന്മാരെപ്പോലെയാകണം എന്നല്ല സീതാരാമന്മാരെപ്പോലെയാകണം എന്നാണ് നാം കുലപാരമ്പര്യ മുറയില്‍ ആശംസിക്കുക. എന്നുവച്ചാല്‍, പിണക്കവും വേര്‍പിരിയലും, ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ വിവാഹമോചനവുമൊക്കെ സംഭവിക്കാം വൈവാഹിക ജീവിതത്തില്‍ എന്നര്‍ത്ഥം. പക്ഷേ വിവാഹമോചനം വരെ സംഭവിച്ചാലും ദമ്പതികള്‍ തമ്മില്‍ ശത്രുതയോ പകയോ വെറുപ്പോ ഉണ്ടാവേണ്ടതില്ല. സീതയും രാമനും തമ്മില്‍ പരസ്പരം വേര്‍പിരിഞ്ഞ്, രാമന്‍ കൊട്ടാരത്തിലും സീത കാട്ടിലും കഴിഞ്ഞിരുന്നപ്പോഴും ഇരുവരും പരസ്പരം വെറുപ്പോ പകയോ അല്ല പുലര്‍ത്തിയത്. ഇതില്‍ ഒരു മാതൃകാപാഠം ഉണ്ടെന്ന നിലയില്‍ വേണമെങ്കില്‍ ദമ്പതിമാരെ സീതാരാമന്മാരെപ്പോലെ വാഴാന്‍ ആശംസിക്കുന്ന നടപടിയെ നീതീകരിക്കാം.

അതല്ലാതെ പാര്‍വതീപരമേശ്വരന്മാരോട് തുലനം ചെയ്തു ചിന്തിക്കുമ്പോള്‍ മാതൃകാപരമായ ദാമ്പത്യ ജീവിതമാണ് സീതാരാമന്മാരുടേതെന്നു പറയാന്‍ ഞെരുക്കം ഏറെയുണ്ട്. സീത പ്രകൃതിയും രാമന്‍ പുരുഷനും ആണെന്നെ­ാ­ക്കെ സാംഖ്യദര്‍ശന ഛവിയില്‍ പറഞ്ഞൊപ്പിക്കാനുളള ശ്രമങ്ങളൊക്കെ അധ്യാത്മ രാമായണത്തില്‍ കാണാം. ‘എന്നുടെ തത്ത്വമിനിച്ചൊല്ലിടാമുളളവണ്ണം\നിന്നോടു, ഞാന്‍താന്‍ മൂലപ്രകൃ തിയായതെടോ\എന്നുടെ പതിയായ പരമാത്മാവു തന്റെ സന്നിധിമാത്രം കൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു’ എന്ന അധ്യാത്മ രാമായണത്തിലെ സീതയുടെ വാക്യങ്ങള്‍ ശ്രദ്ധിക്കുക (സീതാ ഹനുമല്‍ സംവാദം). പക്ഷേ സാംഖ്യദര്‍ശനത്തിലെ പുരുഷനും പ്രകൃതിയും തമ്മില്‍ ശൈവ ശാക്തേയ ദര്‍ശനങ്ങളിലെ ശിവനും ശക്തിയും പോലെ ഇഴപിരിയാത്ത ചേര്‍ച്ചയില്‍ അല്ലെങ്കിലും വേര്‍പിരിവില്ല. എന്നാല്‍ സീതാരാമന്മാര്‍ വേര്‍പിരിയുന്നുണ്ട്. ഈ വിയോഗനില തന്നെ സീതാരാമന്മാരെ പാര്‍വതീ പരമേശ്വരന്മാരോടോ സാംഖ്യദര്‍ശനത്തിലെ പ്രകൃതി-പുരുഷന്മാരോടോ തുലനം ചെയ്യുന്നതില്‍ അനൗചിത്യം ഉണ്ടാക്കുന്നു. ‘പടു രാക്ഷസ ചക്രവര്‍ത്തിയെന്നുടല്‍ മോഹിച്ചതു ഞാന്‍ പിഴച്ചതോ..?’ എന്ന ചിന്താവിഷ്ടയായ സീതയിലെ ചോദ്യമുണ്ടല്ലോ, അതാണ് സീതയെ കുലസ്ത്രീമാതൃകയും രാമനെ കുലപുരുഷമാതൃകയും ആയി കാണുന്നവരെല്ലാം ഓര്‍മ്മിക്കേണ്ട ചോദ്യം. സ്ത്രീകള്‍ക്ക് മാത്രം ബാധകമായ ഒരു ‘കുലഗുണ’ മാണ് ചാരിത്ര്യശുദ്ധി. സീതയുടെ ചാരിത്ര്യശുദ്ധിയില്‍ ഉണ്ടായ ശങ്കയാണ് ഗര്‍ഭിണിയായിരിക്കവേ തന്നെ അവളെ കാട്ടിലേക്ക് പുറന്തള്ളാന്‍ രാമനിലെ രാജാവിനെ പ്രേരിപ്പിച്ചത്. ഇത്തരമൊരു ചാരിത്ര്യശുദ്ധി ശങ്കാകുലമായ രാജഭാവം സാംഖ്യദര്‍ശനത്തിലെ പുരുഷന് പ്രകൃതിയോടില്ല; ശൈവശാക്തേയ ദര്‍ശനത്തിലെ ശിവന് ശക്തിയോടും ഇല്ല. അതിനാല്‍ സീതാരാമന്മാരെ സാംഖ്യപുരുഷനോടും സ്ത്രീയോടും ശിവശക്തികളോടും താരതമ്യം ചെയ്തു വരുന്ന അധ്യാത്മിക പ്രഭാഷണങ്ങളിലെ വേദാന്ത വാചക കസര്‍ത്തുകള്‍ വലിയ പുനഃശ്ചിന്തനം അര്‍ഹിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: രാമായണമാസം മാതൃഭാഷാ മഹോത്സവമാ‌ക്കാം


പാരമ്പര്യവാദികള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് പുനഃശ്ചിന്തനങ്ങളെയാണ്. ഏതു സമൂഹത്തിലും നവോത്ഥാനം ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുളളതും പുനഃശ്ചിന്തനങ്ങളിലൂടെയാണ്. അതിനാല്‍ വാല്മീകി രാമായണമായാലും അധ്യാത്മരാമായണമായാലും പകര്‍ന്നു തരുന്ന ദാമ്പത്യ ജീവിത ദര്‍ശനം എന്തെന്ന കാര്യം തീര്‍ച്ചയായും ചിന്തിക്കപ്പെടേണ്ടതുണ്ട്. സീതയെപ്പോലുളള സ്ത്രീകളും രാമനെപ്പോലുളള പുരുഷന്മാരും ഉണ്ടായാല്‍ സംഭവിക്കുന്നതാണോ മാതൃകാദാമ്പത്യം എന്ന ചോദ്യം ചോദിക്കാതെ, രാമായണ പാരായണം നടത്തുന്നവരെ ഭക്തജനങ്ങള്‍ എന്നാണോ മൂഢജനങ്ങള്‍ എന്നാണോ വിളിക്കേണ്ടത്? ‘ഭക്തി സംഭവിച്ചാല്‍ വ്യക്തി മൂഢനാകും’ എന്നു തെളിയിക്കാവുന്ന ഒരു സന്ദര്‍ഭവും സ്വദേശീയവും വിദേശീയവുമായ ഭക്തമാനവരുടെ ചരിത്രത്തില്‍ ഇല്ല. ഇന്ത്യയില്‍ കബീറും സൂര്‍ദാസും ചണ്ഡിദാസും പൂന്താനവും ജ്ഞാനേശ്വരിയും ഔവയാറും മീരയും ശ്രീരാമകൃഷ്ണ പരമഹംസരും ഒക്കെ ഭക്തമാനവരാണ്. എന്നാല്‍ ഇവരാരും മൂഢരല്ല എന്നതു സത്യമാണല്ലോ. പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിച്ച സന്ദേഹങ്ങളെ ചോദ്യരൂപത്തില്‍ ഈശ്വരസമക്ഷം പോലും ഉന്നയിക്കാന്‍ ചങ്കൂറ്റമുളള സ്നേഹപൂര്‍ണമായ മനഃപ്രകൃതമാണ് ഭക്തി. അത് രാമായണത്തോട് പുലര്‍ത്തിയവരെല്ലാം ആ ഗ്രന്ഥത്തിലെ ധര്‍മ്മ സമസ്യകളെ കാണാനും പുനഃശ്ചിന്തിക്കാനും അനുപൂരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതെങ്കിലും തിരിച്ചറിയാത്തവര്‍ ഭക്തമാനവരല്ല, മൂഢരായ ‘റാന്‍’ മൂളി പ്രജകളാണ് അഥവാ അടിമകളാണ്. പാരമ്പര്യത്തെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സ്വാംശീകരിച്ച്, ജീവിതത്തെ പുരോഗതിയില്‍ നടത്താന്‍ ഏതു നാടിനും ആവശ്യം മൂഢപ്രജകളല്ല; മനനം ചെയ്യുന്ന മാനവരാണ്. ചിന്തിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന മാനവരുടെ ഭക്തിയാണ് രാമായണവും ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.