Site iconSite icon Janayugom Online

റേഷൻ കാർഡ്: മുൻഗണനാ പട്ടികയിലെ 16,736 കുടുംബങ്ങളെ പൊതു വിഭാഗത്തിലേക്ക് മാറ്റി

വസ്തുതകൾ മറച്ചുവെച്ച് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയ കോഴിക്കോട് ജില്ലയിലെ 16,736 കുടുംബങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി. പിങ്ക് (പിഎച്ച്എച്ച് ) കാർഡുണ്ടായിരുന്ന 14472 പേരെയും മഞ്ഞ കാർഡുള്ള (എഎവൈ) 2264 പേരെയുമാണ് 2021 ജൂൺ ഒന്നു മുതൽ 2024 നവംബർ വരെ മുൻഗണനാ പട്ടികയിൽ നിന്നൊഴിവാക്കിയത്. തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ ശേഖരിച്ച്, വകുപ്പുതല പരിശോധനയിലൂടെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിൽ നിന്ന് നാല് ചക്രവാഹനമുള്ളവരുടെയും തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്ന് 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവരുടെയും വിവരങ്ങൾ ലഭ്യമാക്കി ഡേറ്റാ മാപ്പിങ് നടത്തിയാണ് സിവിൽ സപ്ലൈസ് വകുപ്പ് ഇവരെ മുൻഗണനേതര (നോൺ സബ്സിഡി ) വിഭാഗത്തിലേക്ക് മാറ്റിയത്. 

സ്വമേധയാ മാറ്റിയതും പൊതുവിതരണ വകുപ്പ് പിഴ ചുമത്തി മാറ്റിയവരും ഇതിൽ ഉൾപ്പെടും. അതേസമയം ഇക്കാലയളവിൽ അർഹരായ 35,951 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ പിങ്ക് കാർഡിലേക്ക് (പി എച്ച് എച്ച് ) 32,923 കുടുംബങ്ങളെയും മഞ്ഞ കാർഡിലേക്ക് 3028 (എ എ വൈ) കുടുംബങ്ങളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. സാങ്കേതിക തകരാറുകൾ മൂലം മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ അർഹരായവർ ഉണ്ടെങ്കിൽ അവ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ഉൾപ്പെടെ അർഹരല്ലാത്ത നിരവധി പേർ മുൻഗണന കാർഡുകൾ കൈവശം വയ്ക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേൃതത്വത്തിൽ കർശന പരിശോധനയാണ് ജില്ലയിൽ നടത്തിവരുന്നത്. അർഹരല്ലാത്തവർ മുൻഗണന കാർഡുകളിൽ ഇടം പിടിച്ചത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും ഇവർ ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിലെ കമ്പോള വില ഈടാക്കുമെന്നും ദിവസവും ശരാശരി 20 കാർഡുകൾ മാറ്റുന്നുണ്ടെന്നും സിവിൽ സപ്ലെെസ് വകുപ്പ് അധികൃതർ പറഞ്ഞു. 

അതേസമയം, റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് (പി എച്ച് എച്ച് ‑പിങ്ക്) മാറ്റുന്നതിന് അർഹരായ റേഷൻ കാർഡ് ഉടമകൾക്ക് ഓൺലൈനായി ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷ നൽകാം. സിറ്റിസൺ പോർട്ടൽ വഴിയോ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ ആണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായോ ജില്ലാ സപ്ലൈ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്-0495 2370655,കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ്-0495 2374885,സിറ്റി റേഷനിംഗ് ഓഫീസ് നോർത്ത്-0495 2374565,സിറ്റി റേഷനിംഗ് ഓഫീസ് സൗത്ത്-0495 2374807,കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസ്-0496 2620253,വടകര താലൂക്ക് സപ്ലൈ ഓഫീസ്-0496 2522472,താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസ്-0495 2224030.

Exit mobile version