പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. ഡിസംബർ 31ന് രാത്രിയും ജനുവരി 1 പുലർച്ചെയുമായി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഫീഡർ ബസ് എന്നിവയിലായി 1,61,683 പേരാണ് യാത്ര ചെയ്തത്. മെട്രോ ട്രെയിൻ സർവീസിൽ മാത്രം 1,39,766 പേർ പങ്കാളികളായപ്പോൾ, പ്രതിദിന വരുമാനത്തിലും മെട്രോ പുതിയ ചരിത്രം കുറിച്ചു. ഡിസംബർ 31ന് മാത്രം 44,67,688 രൂപയാണ് മെട്രോയ്ക്ക് വരുമാനമായി ലഭിച്ചത്.
പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്ന മെട്രോ സർവീസുകളും നാല് മണി വരെ ലഭ്യമായ ഇലക്ട്രിക് ഫീഡർ ബസുകളും ആഘോഷം കഴിഞ്ഞ് മടങ്ങിയവർക്ക് വലിയ ആശ്വാസമായി. 15 ഇലക്ട്രിക് ഫീഡർ ബസുകളിലായി 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തു. കൊച്ചിയിൽ ഹരിത ഗതാഗത സംവിധാനം യാഥാർഥ്യമാകുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. 2017ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി മെട്രോയിൽ ഇതുവരെ 17.52 കോടി ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. 2025ൽ മാത്രം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിൽ നിന്നും എത്തുന്നവർക്കായി ഏർപ്പെടുത്തിയ പ്രത്യേക ഫീഡർ സർവീസുകളും ഇത്തവണ വലിയ ഹിറ്റായി മാറി.

