Site icon Janayugom Online

ഓണക്കാലത്ത് കൺസ്യൂമർ ഫെഡിന് റെക്കോർഡ് വിൽപ്പന

ഓണ വിപണിയിൽ കൺസ്യൂമർ ഫെഡിന് ഇക്കുറി റെക്കോർഡ് കച്ചവടം. 150 കോടി രൂപയുടെ വിൽപ്പനയാണ് ഈ ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് നടത്തിയത്. ഓണ വിപണികൾ, ത്രിവേണി സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വിൽപ്പനയും മദ്യ ഷോപ്പുകൾ വഴി 60 കോടിയുടെ വിദേശ മദ്യവിൽപ്പനയുമാണ് നടത്തിയത്. വിദേശ മദ്യ വിൽപ്പനയിൽ വൻ വർധനവാണ് ഇക്കുറിയുണ്ടായിരിക്കുന്നത്. 36 കോടിയുടെ വിൽപ്പനയായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ 2,000 ഓണ വിപണികളാണ് കേരളത്തിലെമ്പാടും പ്രവർത്തിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതത്തിൽ നിർജ്ജീവമായിരുന്ന വിപണിയിൽ ക്രിയാത്മകമായ ചലനമുണ്ടാക്കാൻ കൺസ്യൂമർ ഫെഡിന് കഴിഞ്ഞു,
ഓണ വിപണികളിലൂടെയും ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും ശരാശരി 50 ശതമാനം വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്.

ഈയിനത്തിൽ 45 കോടിയും, 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവ് നല്‍കി മറ്റ് നിത്യോപയോഗ സാധനങ്ങൾ വില്‍പ്പന നടത്തി 45 കോടി രൂപയും നേടി. കോവിഡ് മാർഗനിർദ്ദേശങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഭാഗമായി എല്ലാ ദിവസവും എല്ലാ ഔട്ട്‌ലെറ്റുകളും ഓണച്ചന്തകളും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പൂഴ്ത്തിവയ്പ്പിനോ ക്രമക്കേടിനോ ഇടനൽകാതെ ജനകീയ മേൽനോട്ടത്തിൽ സാമൂഹിക പ്രതിബദ്ധതയോടെയാണ് കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ പ്രവർത്തിച്ചതെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.

കൺസ്യൂമർ ഫെഡിന്റെ 39 വിദേശമദ്യ ശാലകളിൽ ഉത്രാട ദിനത്തിലെ വിൽപ്പനയിൽ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വിൽപ്പന. 58 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വിൽപ്പനയുമായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മാർക്കറ്റിൽ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപ വില അരി 25 രൂപയ്ക്കുമാണ് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർ ഫെഡ് ഓണ വിപണിയിൽ ലഭ്യമാക്കിയത്.

Eng­lish sum­ma­ry; Record sales to Con­sumer Fed dur­ing Onam

you may also like this video;

Exit mobile version