പ്രശസ്ത തബലിസ്റ്റ് സക്കീര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ സാന്‍ ഫ്രാന്‍സിസ്കോയിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ഫ്ലൂട്ടിസ്റ്റുമായ രാകേഷ് ചൗരസ്യ പറഞ്ഞിരുന്നു. 73 കാരനായ അദ്ദേഹത്തിന് രക്ത സമ്മര്‍ദ്ദ പ്രശ്നങ്ങളുമുണ്ടായിരുന്നതായി ചൗരസ്യ പറഞ്ഞു.
1951‑ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം കുട്ടിക്കാലത്തുതന്നെ തന്റെ വഴി സംഗീതലോകമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ആദ്യ പാഠഠങ്ങള്‍ പകര്‍ന്നുനല്‍കിയത് പിതാവും തബലിസ്റ്റുമായ അള്ളാ രഖാ ഖാനായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ് ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്.
പന്ത്രണ്ടാം വയസ്സിൽ തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.
മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. പ്രശസ്‌ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.