Site iconSite icon Janayugom Online

കെ സുരേന്ദ്രനെ മാറ്റിയെ തീരു; ബിജെപിയിലെ കലാപത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കൃഷ്ണദാസ് പക്ഷം

ബിജെപിയിലെ കലാപത്തിൽ നിലപാട് വ്യക്തമാക്കി പി കെ കൃഷ്ണദാസ് പക്ഷം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മാറ്റാതെ വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിലാണിവർ . ഇന്നലെ കൊച്ചിയിൽ ചേർന്ന സംഘടന യോഗവും കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചിരിന്നു . പാലക്കാട് നഗരസഭയിലെ കൗൺസിലർമാർ ഉള്‍പ്പെടെ നിരവധിപേർ പാർട്ടിവിടുമെന്ന സൂചനയെ തുടർന്ന് കേന്ദ്ര നേതൃത്വം ഇടപെടൽ ശക്തമാക്കി. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നിർദേശം നൽകിയ കേന്ദ്രനേതൃത്വം കൃഷ്ണദാസ് പക്ഷവുമായി ചർച്ചനടത്താൻ സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറെ ചുമതലപെടുത്തിയതായാണ് സൂചന. 

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് ബിജെപിയിലെ പോര് പരസ്യമായത് . അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയിൽ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താൽ പാലക്കട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. സന്ദീപ് വാര്യർ കൗൺസിലർമാരുമായി ആശയ വിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിനു സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് സംസ്ഥാന നേതാക്കളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്. 

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ തോല്‍വിയിൽ പാലക്കാട് നഗരസഭ വാര്‍ഡുകളില്‍ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ കണ്ടെത്തലുകളിൽ കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. ബിജെപി നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളയും അടക്കമുള്ളവര്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായും രംഗത്തെത്തിയിരുന്നു. വി മുരളീധരൻ, ബി ഗോപാലകൃഷ്ണൻ, സന്ദീപ് വാചസ്പതി അടക്കമുള്ള നേതാക്കളും സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Exit mobile version