Site iconSite icon Janayugom Online

പാഴ്‌വസ്തുവിൽ നിന്ന് റിസ രാകേഷിന്റെ റോക്കറ്റ്‌

ഹയർ സെക്കന്‍ഡറി വിഭാഗം തത്സമയ പ്രവൃത്തി പരിചയമേളയിൽ എല്ലാവരുടെയും കണ്ണുകൾ ആദ്യം പതിഞ്ഞത് റിസയുടെ റോക്കറ്റിലായിരുന്നു. തൊട്ടടുത്തിരിക്കുന്ന സാധനങ്ങളും പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണെന്ന് പറഞ്ഞാൽ ആരും അത്ഭുതപ്പെടും. ബയോഗ്യാസ് പ്ലാന്റ്, ഗ്ലാസ് പാലസ്, നോട്ടീസ് ബോർഡ്, പക്ഷിക്കൂട്, ഫ്ലവർ പോട്ട്, ടേബിൾ, എക്സറേറ്ററി സിസ്റ്റം, റാക്ക്, സോളാർ കുക്കർ എന്നിങ്ങനെ നിരവധി ഐറ്റങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ റിസ പൂർത്തീകരിച്ചു. തലശേരി സേക്രട്ട് ഹേർട്ട്സ് ജി എച്ച്എസ്എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ റിസ രാകേഷ് സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നത് നാലാംതവണയാണ്. ഇത്തവണ രണ്ടാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി. മൂന്ന് തവണയും ഒന്നാംസ്ഥാനം സ്വന്തമാക്കിയാണ് റിസ മടങ്ങിയത്. കഴിഞ്ഞതവണ തിരുവനന്തപുരത്ത് നടന്ന ശാസ്ത്രോത്സവത്തിലും റിസയ്ക്കായിരുന്നു ഹയർ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള തത്സമയ നിർമ്മാണത്തിൽ ഒന്നാംസ്ഥാനം ലഭിച്ചത്.

റിസ രാകേഷിന്റെ ഗുരു അച്ഛനാണ്. ടെക്നിക്കൽ ക്രാഫ്റ്റ് വർക്കറായ അച്ഛനാണ് റിസയെ പരിശീലിപ്പിക്കുന്നതും പുതിയ ആശയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നതും. പഠനത്തിലും റിസ മിടുക്കിയാണ്. വീട്ടമ്മയായ സബിനയാണ് മാതാവ്. സഹോദരൻ റിഷാൻ.

Exit mobile version