രാജ്യത്തെ വിദ്യാഭ്യാസ രംഗം അനുദിനം കാവിവല്‍ക്കരിക്കുന്ന കാലഘട്ടത്തില്‍ മതേതരത്വവും സമത്വവും ലിംഗനീതിയുമുള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ച് ശക്തമായ പ്രതിരോധവുമായി മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് സഹായകമാകുന്ന ഇടപെടലുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്.
പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ‘വിദ്യ നേടി പ്രബുദ്ധരാവുക’ എന്ന നാരായണഗുരു വചനം നെഞ്ചേറ്റുന്ന, സമൂഹത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ പുരോഗതിക്കും വിദ്യാഭ്യാസപ്രവർത്തനങ്ങളെ ഉപയുക്തമാക്കുന്ന ലോകത്തെ തന്നെ മാതൃകാ സ്ഥാനമായി കേരളം നില കൊള്ളുന്നു.
നവകേരള നിര്‍മ്മിതിയുടെ അടിത്തറയായ സമത്വാധിഷ്ഠിത, വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മികച്ച നേതൃശേഷിയും കാഴ്ചപ്പാടുകളുമാണ് വകുപ്പില്‍ പ്രകടമാകുന്നത്. ഭൗതിക സൗകര്യങ്ങളിലുണ്ടായ പുരോഗതിക്കൊപ്പം സാമൂഹികനീതി മുറുകെ പിടിച്ചുള്ള അക്കാദമിക വികസനത്തില്‍ വലിയ മാറ്റങ്ങള്‍ രണ്ട് വര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി.
സാമൂഹികനീതിയിലൂന്നിയ വിദ്യാഭ്യാസം എന്ന ചരിത്രപരമായ കാഴ്ചപ്പാടൊന്നുകൊണ്ടുമാത്രമാണ് ലോകത്തിന് മുമ്പാകെ കേരളത്തിന് ഈ സവിശേഷ പദവി എന്ന് അഭിമാനത്തോടെ പറയാം.
വികസന വഴികളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്.
സ്ത്രീ സൗഹൃദ കേരളം,ഇന്ത്യയിലാദ്യമായി
ആർത്തവാവധി
സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു ഉത്തരവായി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഭരണകൂടം ഇത്തരത്തിലൊരു തീരുമാനം കൈകൊള്ളുന്നത് .
ഗവേഷണ മേഖലയ്ക്ക് ഊന്നൽ
സർവകലാശാലാ തലത്തിൽ ഗവേഷണഫലങ്ങൾ പ്രയോഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള ട്രാൻസ്ലേഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വകുപ്പ് പൂർത്തീകരിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്കും നവീകരണത്തിനും ഉതകുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ‑സാമ്പത്തിക കാർഷിക , വ്യാവസായിക മേഖലകളിലെ നൂതനവും റീബിൽഡ് കേരള പദ്ധതിയുമായി സംയോചിപ്പിച്ചുകൊണ്ടുള്ളതുമായ ഗവേഷണ ആശയങ്ങൾ അവതരിപ്പിച്ച ഗവേഷകർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ഇത് പ്രകാരം 77 പ്രതിഭകൾക്ക് ഒന്നാം വർഷം 50,000 രൂപവീതവും രണ്ടാം വർഷം ഒരു ലക്ഷം രൂപവീതവും ഫെലോഷിപ്പ് നൽകുന്നു. നൂതന ഗവേഷണ പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനായി മഹാത്മാഗാന്ധി സർവകലാശാല 100 ഗവേഷണ വിദ്യാർത്ഥികൾക്ക് സർവകലാശാലാ ഫെലോഷിപ്പുകൾ നൽകി. വിവിധ സർവകലാശാലകളിൽ 2020–21 വിദ്യാഭ്യാസ വർഷത്തിൽ പഠിച്ചിറങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നൽകി. രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള പഠന മികവ് പുലർത്തിയ ആയിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്ന ഈ പദ്ധതി രാജ്യത്ത് തന്നെ ആദ്യമായാണ്.
മികവിന്റെ കേന്ദ്രങ്ങൾ
വിവിധ സർവകലാശാലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ. ഇതിന്റെ ഭാഗമായി എട്ട് സർവകലാശാലാ വകുപ്പുകളെ വൈജ്ഞാനിക ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള ശ്രേഷ്ഠ കേന്ദ്രങ്ങളാക്കി (സെന്റര്‍ ഓഫ് എക്സലന്‍സ് ) ഉയർത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .
ലെറ്റ്സ് ഗോ ഡിജിറ്റല്‍
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കുവാന്‍ ഉദ്ദേശിച്ച് ’ ലെറ്റ്സ് ഗോ ഡിജിറ്റല്‍’ എന്ന ക്യാമ്പയിന് തുടക്കമായി. മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം, പഠനം, വിലയിരുത്തൽ, പരീക്ഷ ഇവയെല്ലാം പൊതുവായ ഒരു ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിൽ കൊണ്ടുവരികയാണ് ഡിജിറ്റൽ എനേബിൾമെന്റ് ഓഫ് ഹയർ എജ്യൂക്കേഷൻ എന്ന ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത് .
പഠനസാമഗ്രികളും വിവരശേഖരണവും ഡിജിറ്റല്‍
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവര സാങ്കേതിക വിദ്യാധിഷ്ഠിത വിവര ശേഖരണത്തിനും സർവകലാശാലാ പ്രവർത്തനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കേരള റിസോഴ്സസ് ഫോര്‍ എജ്യൂക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്റ് പ്ലാനിങ് പദ്ധതി ( കെ- ആര്‍ഇഎപി ) ഈ അക്കാദമിക വർഷം തുടക്കമാകും. കേരളത്തിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളും വിദ്യാഭ്യാസ വിവരശേഖരണ പദ്ധതിയുടെ ഭാഗമായി ഡിജിറ്റലായി സൂക്ഷിക്കപ്പെടും. വിദ്യാർത്ഥി ജീവിത രജിസ്ട്രി, മനുഷ്യ വിഭവ വികസനം, അഫിലിയേറ്റഡ് കോളജുകൾ, അധ്യാപകർ തുടങ്ങിയ വിഭാഗങ്ങളിലായി ഭരണതലം, പരീക്ഷാതലം, പഠന പരിപാലന സംവിധാനം ഇവയെല്ലാം ഉൾപ്പെടുന്ന ഇആര്‍പി സോഫ്റ്റ്‍വേര്‍ കെ-ആര്‍ഇഎപിയുടെ ഭാഗമായി ഉണ്ടാകും. ഇത്തരത്തിലൊന്ന് രാജ്യത്തു തന്നെ ആദ്യമായാണ്.
സുപ്രധാന നിയമനിർമ്മാണങ്ങൾ
സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സ്വതന്ത്രമായ പ്രവർത്തനാവകാശം നിയന്ത്രിക്കാതെ തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ’ സ്വാശ്രയ കോളജ് അധ്യാപകരുടെ നിയമനവും സേവനവ്യവസ്ഥകളും ’ നിയമം. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ, അധ്യാപക — രക്ഷാകർതൃ അസോസിയേഷൻ, വിദ്യാർത്ഥി പരാതി പരിഹാര സെൽ, കോളജ് കൗൺസിൽ, 2013ലെ ദ സെക്ഷ്വല്‍ ഹരാസ്മെന്റ് ഓഫ് അറ്റ് വര്‍ക്ക്പ്ലേസ് ആക്ട് പ്രകാരമുള്ള ഇന്റേണൽ കംപ്ലെന്റ്സ് കമ്മിറ്റി എന്നിങ്ങനെയുള്ള സംവിധാനങ്ങളെല്ലാം സ്വാശ്രയ സ്ഥാപനങ്ങളിൽ നിയമപരമായി നിർബന്ധമാക്കി. സ്വാശ്രയ കോളജുകളിൽ ജോലി ചെയ്യുന്നവരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ഇതുവഴി നിയമാടിത്തറയാകും.
കണക്ട് കരിയർ ടു കാമ്പസ്
വിദ്യാർത്ഥികളുടെ തൊഴിൽ ശേഷിയും നൈപുണ്യവും വർധിപ്പിച്ച് പുതിയ തൊഴിൽ മേഖലകളിൽ നിയമിക്കപ്പെടുന്നതിന് അനുയോജ്യരാക്കുക എന്ന ഉദ്ദേശത്തിൽ കണക്ട് കരിയർ ടു കാമ്പസ് എന്ന പദ്ധതി ആരംഭിച്ചു. എല്ലാ സർക്കാർ എൻജിനീയറിങ് കോളജുകളിലും തിരഞ്ഞെടുത്ത പോളിടെക്നിക്കുകളിലും ടെക്നോളജി ഇൻകുബേഷൻ സെന്ററുകൾ പ്രവർത്തിച്ചുവരുന്നു. നിലവിൽ 46 യൂണിറ്റുകളും 40 ഇൻകുബേഷൻ യൂണിറ്റുകളും വിവിധ സ്ഥാപനങ്ങളിലായി ഉണ്ട്.
english summary; Rising Higher Education: A Growing Kerala
you may also like this video;