Site iconSite icon Janayugom Online

തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് കരമന അജിത്തിനെ നിർദേശിച്ച് ആർ എസ് എസ്; വി വി രാജേഷിനെ മാറ്റിനിർത്തിയേക്കും

തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് കരമന അജിത്തിന്റെ പേര് നിർദേശിച്ച് ആർ എസ് എസ് നേതൃത്വം. ദക്ഷിണ മേഖല ജനറൽ സെക്രട്ടറിയായ അജിത്ത് മൂന്നാം തവണയാണ് കൗൺസിലിലേക്ക് ജയിക്കുന്നത്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ കൗൺസിൽ യോഗങ്ങളിൽ ശക്തമായ വാദങ്ങൾ ഉന്നയിച്ച് ശ്രദ്ധ നേടിയ നേതാവാണ് കരമന അജിതെന്ന് ബിജെപിയിലെ ഒരു വിഭാഗത്തിനും അഭിപ്രായമുണ്ട്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്റെ പേരും ഉയർന്നുവന്നെങ്കിലും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് താല്പര്യം ഇല്ലെന്നാണ് സൂചന. 

മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വി വി രാജേഷിനെ മേയർ ആക്കുന്നതിൽ ജില്ലാ നേതൃത്വത്തിനും എതിർപ്പ് ഉണ്ടെന്നാണ് സൂചന. വി ജി ഗിരികുമാറിന്റെ പേരും ഒരു വിഭാഗം മേയർ സ്ഥാനത്തേക്ക് ഉയർത്തി കാട്ടുന്നുണ്ട്. അതെ സമയം ഡെപ്യുട്ടി മേയർ സ്ഥാനത്തേക്കും പാർട്ടിക്കുള്ളിൽ തർക്കം ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേര് ഉയർന്നു വന്നെങ്കിലും എതിർപ്പ് ഉണ്ടെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖർ പക്ഷക്കാരിയാണ് ശ്രീലേഖ. ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ.

Exit mobile version